തൃപ്പൂണിത്തുറ: താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽനിന്നും ഇറങ്ങിപ്പോകാൻ നിർബന്ധിക്കുന്നുവെന്നാരോപിച്ച് കൈക്കുഞ്ഞുമായി സമരം ചെയ്യുന്ന നഴ്സിംഗ് ജീവനക്കാരിയുടെ അമ്മ ഇന്ന് രാവിലെ മുതൽ നിരാഹാര സമരം തുടങ്ങി.
ഇന്നലെ രാവിലെ മുതൽ പുതിയകാവ് ആയുർവേദ മെഡിക്കൽ കോളജിന്റെ കവാടത്തിൽ സമരം തുടങ്ങിയ ക്വാർട്ടേഴ്സിലെ താമസക്കാരിയായ നഴ്സ് ഗ്രേഡ് രണ്ട് തസ്തികയിലുള്ള രേഷ്മ എന്ന ജീവനക്കാരിയുടെ അമ്മ മേരി കുഞ്ഞപ്പനാണ് (58) നിരാഹാര സമരം തുടങ്ങിയിരിക്കുന്നത്.
പത്ത് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി നഴ്സ് രേഷ്മയും ഒപ്പമുണ്ട്. ഇന്നലെ രാത്രി പത്ത് മണി കഴിഞ്ഞതോടെ പോലീസിന്റെ നിർദേശ പ്രകാരം സമരം നിർത്തിയിരുന്നു.
എട്ട് വർഷമായി ഇവിടെ ജോലി ചെയ്യുന്ന രേഷ്മ കഴിഞ്ഞ മൂന്ന് വർഷമായി കോളജിന്റെ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്.
ഇവർക്ക് അനുവദിച്ചിരുന്ന 344 ഡി എന്ന ക്വാർട്ടേഴ്സിന്റെ സീലിംഗ് അടർന്നുവീണും ചോർച്ചമൂലവും മാലിന്യം നിറഞ്ഞ കാനയുടെ അടുപ്പവും കാരണം താമസ യോഗ്യമല്ലാത്തതിനാൽ മറ്റൊരു ക്വാർട്ടേഴ്സിനു വേണ്ടി അപേക്ഷിച്ചിരുന്നു.
ഗർഭിണിയായിരുന്ന ഇവർക്ക് ഒട്ടേറെ ശാരീരിക അവശതകൾ ഉണ്ടായിരുന്നതിനാൽ 339 സി എന്ന ക്വാർട്ടേഴ്സ് ആറ് മാസത്തേക്ക് നൽകിയിരുന്നു.
എന്നാൽ പിന്നീട് താമസിക്കാൻ സ്ഥലമില്ലാതിരുന്ന പരാതിക്കാരി ഈ ക്വാർട്ടേഴ്സിൽ താമസം തുടർന്നതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്.