ചാലക്കുടി: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങൾക്കു മാതൃക നൽകേണ്ടവർ തന്നെ പരസ്യമായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നു.
ഇന്നലെ ചാലക്കുടിയിൽ നടന്ന ഒരു പൊതു പരിപാടിയിലാണ് കോവിഡിനു പുല്ലുവില കൽപ്പിക്കാതെ ഉത്തരവാദിത്വപ്പെട്ടവർ പങ്കെടുത്തത്.
ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ ഡോക്ടറോടൊപ്പം ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥ ക്വാറന്റൈനിൽ പോകാതെ പൊതു ചടങ്ങിൽ അവാർഡ് വാങ്ങാനെത്തി. അവാർഡ് നൽകിയത് ഭരണകക്ഷിയുടെ വിഐപി ആയ നേതാവും എംഎൽഎയുമായിരുന്നു.
ചടങ്ങിൽ നഗരസഭ ചെയർമാൻ അടക്കം ഇവരോടൊപ്പം വേദി പങ്കിട്ടിരുന്നെങ്കിലും ആശുപത്രിയിലെ ഡോക്ടർക്കു കോവിഡ് പോസിറ്റീവ് ആയിരുന്ന വിവരം അറിഞ്ഞിരുന്നില്ല. ഇപ്പോൾ വേദി പങ്കിട്ടവർ അങ്കലാപ്പിലാണ്.
കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചതിന്റെ പേരിലാണ് ഇവർക്ക് അവാർഡ് നൽകിയതെന്നാണ് സംഭവത്തിലെ വിരോധാഭാസം.