രണ്ടു വർഷം നീണ്ട അന്വേഷണം. വലയിൽ കുരുങ്ങിയത് 72 വന്പൻ സ്രാവുകൾ. ഒടുവിൽ കിട്ടിയതോ 221 വർഷത്തെ ജയിൽ വാസവും !
പറഞ്ഞു വന്നത് നോർത്താംപ്റ്റണ്ഷൈറിലെ പോലീസ് ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും ചേർന്നു നടത്തിയ അണ്ടർ കവർ അന്വേഷണത്തെക്കുറിച്ചാണ്.
രണ്ടു വർഷം നീണ്ട അതീവ രഹസ്യനീക്കങ്ങൾക്കൊടുവിൽ ഇവർ വലയിൽ വീഴ്ത്തിയത് പതിനെട്ടു രാജ്യങ്ങളിലായി പടർന്നു പിടിച്ച മയക്കുമരുന്നു മാഫിയയിലെ വന്പന്മാരെയാണ്.
30 ഡ്രഗ് ലൈനുകൾ അഥവാ കേന്ദ്രങ്ങളിൽ നിന്നായി പിടിയിലായ 72 പേരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നു. വിവിധ കേസുകളിലായി 221 വർഷത്തെ കഠിനതടവിന് ഇവരെ ശിക്ഷിച്ചു.
ലണ്ടന്‍, ബർമിംഗ്ഹാം, വോവർഹാംപ്റ്റണ്, നോർത്താംപ്റ്റണ്‍ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ലഹരിവസ്തുക്കളുടെ ഇടപാടുകാരെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.
അന്ത്യമില്ലാത്ത ചങ്ങലയിലെ ആദ്യകണ്ണികൾക്കു പ്രായം പതിനാലോ പതിമൂന്നോ ഒക്കെയാണ്.
അതായത് പ്രായപൂർത്തിയാകാത്ത കുട്ടികളും കൗമാരക്കാരുമൊക്കെയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. ലണ്ടൻ പോലീസ് സ്വതന്ത്രമായി നടത്തിയ ഏറ്റവും വലിയ ഡ്രഗ് മാഫിയ വേട്ടയാണിത്.
‘ഏറെ നാൾ നീണ്ട പരിശ്രമത്തിന്റെയും നിശ്ചയദാർഡ്യത്തിന്റെയും നിർബന്ധബുദ്ധിയുടേയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് ഇത്രയും വലിയൊരു ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കാൻ ഞങ്ങൾക്കു സാധിച്ചത്.
അന്വേഷണസംഘത്തിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരും അഭിനന്ദനം അർഹിക്കുന്നു.’ അന്വേഷണത്തിനു മേൽനോട്ടം വഹിച്ച നിക്ക് അഡർലി പറഞ്ഞു.