ന്യൂഡൽഹി: പോപ് താരം റിഹാനയെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ച് ബിജെപി നേതാവ് സമ്പിത് പത്ര. റിഹാനയ്ക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും കർഷകരെക്കുറിച്ച് ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനും റിഹാനയ്ക്കും കർഷകരെക്കുറിച്ചോ വിളകളെ കുറിച്ചോ ഒന്നും അറിയില്ല. എന്നാൽ രണ്ടു പേരും ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നു.
ഗാന്ധി പ്രതിമ ആക്രമിക്കപ്പെട്ടപ്പോൾ ഈ ആളുകൾ എവിടെയായിരുന്നു? എന്തുകൊണ്ടാണ് ഈ അന്താരാഷ്ട്ര സെലിബ്രിറ്റികൾ ട്വീറ്റ് ചെയ്യാതിരുന്നത്?
ജനുവരി 26 ന് ഡൽഹി പോലീസിന് വാളുകൊണ്ട് പരിക്കേറ്റപ്പോൾ അവർ ട്വീറ്റ് ചെയ്തോ? ഈ അന്താരാഷ്ട്ര സാമൂഹിക പ്രവർത്തകർ ആരും അന്ന് ട്വീറ്റ് ചെയ്തിട്ടില്ല.
രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുന്നത് ഇന്ത്യാ വിരുദ്ധരെ കാണാനാണ്. അത് റിഹാനയായാലും മിയ ഖലീഫയായാലും. ഇത് ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണമാണ്. ഇവയെല്ലാം ദേശവിരുദ്ധ ശക്തികളാണ്- ബിജെപി നേതാവ് പറഞ്ഞു.
ട്വിറ്ററിലൂടെയാണ് റിഹാന കർഷക സമരത്തിന് പിന്തുണ അറിയിച്ചത്. ഡൽഹിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചതിനെക്കുറിച്ച് സിഎൻഎൻ തയാറാക്കിയ വാർത്ത പങ്കുവച്ചുകൊണ്ടാണ് റിഹാന ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കാത്തതെന്നും ട്വീറ്റിൽ റിഹാന ചോദിച്ചു.
റിഹാനയുടെ ട്വീറ്റിനു പിന്നാലെ ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് നിരവധി പേർ കർഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തി.
പരിസ്ഥിതി പ്രവർ ത്തക ഗ്രെറ്റ തൻബെർഗ്, ബ്രിട്ടീഷ് എംപി ക്ലൗഡിയ വെബ്ബെ, അമേരിക്കയിലെ പാർലമെന്റ് അംഗമായ ജിം കോസ്റ്റ, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരി സിന്റെ മരുമകളും സാമൂഹ്യപ്രവർത്തകയുമായ മീന ഹാരിസ് തുടങ്ങി നിരവധി പേർ സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു.