കൊച്ചി: പൊതുജനത്തിന് വീണ്ടും ഇരുട്ടടി നൽകി പാചകവാതക, ഇന്ധന വിലകളിൽ വർധന. ഗാർഹിക സിലിണ്ടറിന് 25 രൂപയുടെയും പെട്രോളിന് 34 പൈസയും ഡീസലിന് 35 പൈസയുടെയും വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
കൊച്ചിയില്‍ പെട്രോളിന് 87 രൂപ
എട്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. കൊച്ചിയില്‍ 87 രൂപയാണ് പെട്രോള്‍ വില. ഡീസല്‍വിലയാകട്ടെ 81.21 രൂപയിലേക്കുമെത്തി.
തിരുവനന്തപുരത്ത് പെട്രോള്‍ വില 88.53 രൂപയായപ്പോള്‍ ഡീസല്‍ വില ഉയര്‍ന്ന് 82.65 രൂപയുമായി. കഴിഞ്ഞമാസം 26 നാണ് അവസാനമായി ഇന്ധനവിലയില്‍ മാറ്റമുണ്ടായത്.
പിന്നീടുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്നത്തെ വില വര്‍ധന. കേന്ദ്ര ബജറ്റില്‍ കര്‍ഷക ക്ഷേമ പദ്ധതികള്‍ക്കായി പെട്രോളിയം ഉത്പന്നങ്ങള്‍ക്കടക്കം സെസ് ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി പെട്രോളിന് 2.50 രൂപയും ഡീസലിന് നാലു രൂപയും വര്‍ധിപ്പിച്ചിരുന്നു.
എന്നാല്‍ ഇവയുടെ എക്സൈസ് ഡ്യൂട്ടി തതുല്യമായി കുറച്ചതിനാല്‍ വില കൂടില്ലെന്നും വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളിലും വില വര്‍ധനവിനാണ് സാധ്യതയെന്നാണു വിപണിയില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍.
ഇരുട്ടടിയായി പാചകവാതക വിലവർധന
ഇന്ധനവിലയ്ക്കു പിന്നാലെ ഇരുട്ടടിയായാണ് പാചക വാതക വിലയും കൂട്ടിയിരിക്കുന്നത്. 14.2 കിലോ ഗ്രാമിന്റെ ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 726 രൂപയായി. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍വന്നു കഴിഞ്ഞു.
മാസത്തിന്റെ തുടക്കത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചതിന്റെ പിന്നാലെയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഒന്നിന് വാണിജ്യ ആവശ്യത്തിനായുള്ള 19 കിലോ ഗ്രാം സിലിണ്ടറിന്റെ വിലയില്‍ 191 രൂപയാണു വര്‍ധിപ്പിച്ചത്.
ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1541.45 രൂപയായി വര്‍ധിച്ചിരുന്നു. ഗാര്‍ഹിക ആവശ്യത്തിനായുള്ള സിലിണ്ടറിന്റെ വര്‍ധിപ്പിച്ച തുക സബ്സിഡിയായി ലഭിക്കുമോയെന്നതില്‍ വ്യക്തതയില്ല.