പി.ഏ.പത്മകുമാർ
കൊട്ടാരക്കര: കിഴക്കൻ മേഖലയിലെ സഞ്ചാരപഥങ്ങളിൽ ഇനി മീൻ പിടിപ്പാറയും. മനം കുളിർപ്പിക്കുന്ന കാഴ്ചയും സ്വച്ഛന്ദമായ അന്തരീക്ഷവും വശ്യമായ വിജനതയും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു .
കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ കൊട്ടാരക്കര പുലമൺ കവലക്കു സമീപം, കോളേജ് ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ മീൻപിടിപ്പാറയിലെത്താം. വിജനതയും ശാന്തതയുമാണ് ഈ ടൂറിസം കേന്ദ്രത്തിന്റെ പ്രത്യേകത. പരന്ന പാറപ്പുറത്തു കൂടി തെന്നിയൊഴുകുന്ന കാട്ടരുവി, ഇത് തടയണ കെട്ടി നിർത്തി ചെറിയ ജലാശയം.
ചുറ്റും ഉയർന്നു നിൽക്കുന്ന മലമടക്കുകൾ. മുൻപ് വനഭൂമിയായിരുന്ന ഇവിടെ ഇപ്പോൾ റബർ തോട്ടമാണെങ്കിലും വന്യത അനുഭവപ്പെടും. വിജനമാണ് ഈ ഭൂപ്രദേശം.
മുൻപും ശാന്തതയും വിജനതയും തേടി നാട്ടുകാരായ സഞ്ചാരികൾ ഇവിടെ എത്തിയിരുന്നെങ്കിലും കാലക്രമേണ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുകയായിരുന്നു. ഈ ദുരവസ്ഥയ്ക്കാണ് ഇപ്പോൾ പരിഹാരമാകുന്നത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെയാണ് മീൻപിടിപ്പാറ ടൂറിസം പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 2.25 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി യാഥാർഥ്യയമാക്കിയത്.
കുട്ടികളുടെ പാർക്ക്, വാട്ടർ ഫാൾസ്, ജലാശയത്തിൽ കുളിക്കുന്നതിനുള്ള സൗകര്യം, ലഘുഭക്ഷണശാല, ടോയ് ലെറ്റ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
പുനലൂർ തൂക്കുപാലത്തിന്റെ മാതൃകയിൽ അരുവിയുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തരത്തിൽ ഒരു പാലവും നിർമിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൻ ഫെഡൽ ബോട്ട് സംവിധാനവും ഏർപ്പെടുത്തും.
വാഹന പാർക്കിംഗിനായി തൽക്കാലം സ്വകാര്യ ഭൂമിയെ ആശ്രയിക്കാനാണ് തീരുമാനം. എന്നാൽ ഇവിടെയുള്ള സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ കണ്ടെത്തി തിരിച്ചുപിടിച്ച് പാർക്കിംഗ് സൗകര്യമൊരുക്കാനുള്ള ശ്രമങ്ങൾക്കും നീക്കമാരംഭിച്ചിട്ടുണ്ട്.
ആറിന് വൈകുന്നേരം അഞ്ചിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മീൻ പിടിപ്പാറ ടൂറിസം പദ്ധതി നാടിന് സമർപ്പിക്കും. ഐഷാ പോറ്റി എംഎൽഎ അധ്യക്ഷത വഹിക്കും.
പെരുന്തച്ചനാൽ വിഗ്രഹപ്രതിഷ്ഠ നടത്തിയ കൊട്ടാരക്കര ഗണപതി ക്ഷേത്രം, പെരുന്തച്ചൻ നിർമിച്ച പടിഞ്ഞാറ്റിൻകര ക്ഷേത്രം, കൊട്ടാരക്കര തമ്പുരാൻ മ്യൂസിയം, മുട്ടറ മരുതിമല, മലമുകളിലെ പാറയിൽ നിർമിച്ചിട്ടുള്ള വെണ്ടാർ ഭൂതത്താൻ മുകൾ ക്ഷേത്രം, ഡിറ്റിപിസി തന്നെ ഒരുക്കിയിരിക്കുന്ന നെടുവത്തൂതൂർ ഭൂതത്താൻ മുകൾ ടൂറിസം പദ്ധതി, ഇഞ്ചക്കാട് അയിരവല്ലിപ്പാറ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി വിനോദ സഞ്ചാര സൗകര്യങ്ങളൊരുക്കണമെന്ന ആവശ്യവും ഉയർന്നു വന്നിട്ടുണ്ട്.