എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാനും മുതിർന്ന നേതാവുമായ പന്ന്യൻ രവീന്ദ്രൻ. കഴിഞ്ഞ തവണ എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും വി.ഡി സതീശനോട് പരാജയപ്പെട്ടിരുന്നു.
ഇത്തവണ പന്ന്യൻ രവീന്ദ്രനെ കൊല്ലം ജില്ലയിൽ സിപിഐ മത്സരിക്കുന്ന ഏതെങ്കിലും മണ്ഡലത്തിൽ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ശക്തമായി നിൽക്കുമ്പോഴാണ് മത്സരിക്കാൻ താനില്ലെന്ന നിലപാട് പന്ന്യൻ രവീന്ദ്രൻ രാഷ്ട്രദീപികയോട് വെളിപ്പെടുത്തിയത്.
കൊല്ലം ജില്ല സി പി ഐയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. നിലവിലെ വനം മന്ത്രി കെ.രാജു ഉൾപ്പെടെയുള്ളവർ തുടർച്ചയായി രണ്ട് ടേം മത്സരിച്ചവരാണ്.
കെ.രാജു ഉൾപ്പടെ പലരും ഇത്തവണ മത്സര രംഗത്ത് ഉണ്ടാവാനിടയില്ല. ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാവായ പന്ന്യനെ കെ.രാജു മത്സരിക്കുന്ന പുനലൂരിൽ നിന്നോ ജയലാൽ മത്സരിക്കുന്ന ചാത്തന്നൂരിൽ നിന്നോ മത്സരിപ്പിക്കണമെന്ന ആവശ്യം സിപിഐയ്ക്കുള്ളിൽ നിന്നു തന്നെ ശക്തമായത്.
പന്ന്യനെപ്പോലെ മുതിർന്ന നേതാവിനെ മത്സരിപ്പിക്കുന്നതിൽ സിപിഎം അടക്കമുള്ള കൊല്ലം ജില്ലാ നേതൃത്വത്തിനും താത്പര്യമാണ്. എന്നാൽ മത്സര രംഗത്തേക്ക് താനില്ലെന്ന നിലപാടിലാണ് അദ്ദേഹം.
ഇക്കാര്യം പാർട്ടി നേതൃത്വത്തേയും അറിയിക്കുമെന്നും അദ്ദേഹം രാഷ്ട്രദീപികയോടു പറഞ്ഞു. ധാരാളം ചെറുപ്പക്കാർ പാർട്ടിയിലുണ്ട് അവർക്കൊക്കെ അവസരം ലഭിക്കണം. അതിന് തന്നെപ്പോലെയുള്ള മുതിർന്നവർ മാറി നിൽക്കണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
പാർട്ടിയിൽ സ്ഥാനാർഥികളെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ടില്ല. ഈ മാസം 10 ന് സംസ്ഥാന എക്സിക്യൂട്ടീവും 11, 12 തീയതികളിൽ സംസ്ഥാന കൗൺസിലും ചേരും. ഇതിൽ സ്ഥാനാർഥി നിർണയവും മത്സരിക്കുന്നവർക്കുള്ള മാനദണ്ഡങ്ങളും ചർച്ച ചെയ്യും.
തുടർച്ചയായി രണ്ടു തവണ മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കുന്നതടക്കം തീരുമാനിക്കുന്നത് ഈ ചർച്ചകളിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് തുടർ ഭരണം ഉറപ്പാണ്. അത് ലക്ഷ്യം വച്ചുള്ള സ്ഥാനാർഥിനിർണയം തന്നെ പാർട്ടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.