ദിസ്പുർ: ആസാമിലെ കർബി അഗ്ലോഗ് ജില്ലയിൽ ഭക്ഷ്യവിഷബാധയെ തുടർന്നു 150 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ മരിച്ചു.
മുഖ്യമന്ത്രി സർബാനന്ദ സോനോവാളും ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും പങ്കെടുത്ത പരിപാടിയിലെത്തിയവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. ചൊവ്വാഴ്ചയാണ് സംഭവം.
ദിഫു മെഡിക്കൽ കോളജിലെ ആദ്യ മെഡിക്കൽ സെഷന്റെ ഉദ്ഘാടനത്തിനെത്തിയവർക്ക് വിതരണം ചെയ്ത ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
മെഡിക്കൽ വിദ്യാർഥികൾക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ഹിമന്ദ ബിശ്വ ശർമ പറഞ്ഞു.