കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് ആസൂത്രണ സമിതി യോഗത്തിനെത്തിയ ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബിനെ തടഞ്ഞതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് മുന്നിൽ ഉടലെടുത്ത സംഘർഷത്തിൽ പോലീസ് കേസെടുത്തു.
പോലീസ് പ്രൊട്ടക്ഷൻ ഉണ്ടായിട്ടും സാബു ജേക്കബിനെ തടഞ്ഞു പ്രശ്നങ്ങൾ സൃഷ്ടിച്ചതിന് നാല് സിപിഎം പ്രവർത്തകർക്കെതിരേയും പോലീസ് ലാത്തിചാർജിലേക്ക് വിഷയങ്ങൾ നീക്കിയ 48 പേർക്കെതിരേയും, കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി ലംഘിച്ച് കൂട്ടം കൂടിയതിന് കണ്ടാലറിയാവുന്ന 300 പേർക്കെതിരേയുമാണ് പോലീസ് കേസെടുത്തത്.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഘർഷ സംഭവങ്ങൾക്ക് തുടക്കമിട്ടത്. മഴുവന്നൂർ പഞ്ചായത്തിലെ ആസൂത്രണ സമിതിയിൽ പഞ്ചായത്തിന് പുറത്തുള്ളവരെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്നലെ പഞ്ചായത്തോഫീസിനു മുന്നിൽ കോൺഗ്രസ്-സിപിഎം പ്രവർത്തകർ പ്രധിഷേധ സമരം നടന്നിരുന്നു. പ്രതിഷേധ സമരം പിന്നീട് പോലീസ് ബലപ്രയോഗത്തിലും സംഘർഷത്തിലേക്കും കലാശിച്ചു.
സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറിയടക്കം നാല് സിപിഎം പ്രവർത്തകർക്കും ഒരു എഎസ്ഐക്കും പരിക്കേറ്റു. നിരവധി കോൺഗ്രസ് -സിപിഎം പ്രവർത്തകർക്കും പോലീസിന്റെ ലാത്തിചാർജിൽ പരിക്കേറ്റിട്ടുണ്ട്.