കെ. ഷിന്റുലാൽ
കോഴിക്കോട്: ഓണ്‍ലൈന്‍ വഴി സംസ്ഥാനത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്ത്. സംസ്ഥാനാതിര്‍ത്തികളില്‍ പോലീസും എക്സൈസും വാഹന പരിശോധന ശക്തമാക്കിയതിന് പിന്നാലെയാണ് കൊറിയര്‍ സര്‍വീസുകള്‍ വഴി വന്‍തോതില്‍ മയക്കുമരുന്നുകള്‍ എത്താന്‍ തുടങ്ങിയത്.
ഓണ്‍ലൈനില്‍ പണമടച്ചാല്‍ ഏത് മയക്കുമരുന്നും വീട്ടിലെത്തുന്ന അവസ്ഥയാണിന്നുള്ളത്. കോഴിക്കോട് ടൗണ്‍ എസ്ഐ കെ.ടി. ബിജിത്തും സംഘവും നടത്തിയ അന്വേഷണത്തില്‍ ഓണ്‍ലൈന്‍ വഴി പണമടച്ച് കൊറിയര്‍ സര്‍വീസായി മയക്കുമരുന്ന് സുലഭമായി എത്തുന്നുണ്ടെന്നും അതേസമയം തന്നെ പണം വാങ്ങി മയക്കുമരുന്നുകള്‍ എത്തിക്കാതെ തട്ടിപ്പ് നടത്തുന്ന സംഘം സജീവമാണെന്നും കണ്ടെത്തി.
കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു കോളജിലെ ഡിഗ്രി ഫോര്‍ത്ത് സെമസ്റ്റര്‍ വിദ്യാര്‍ഥി മയക്കുമരുന്ന് ഏജന്റുകളുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റ് സൈബര്‍ ഡോം പരിശോധിച്ചപ്പോഴാണ് മയക്ക് മരുന്നു കോഴിക്കോട്ടെ കൊറിയര്‍ സ്ഥാപനത്തിലേക്ക് എത്തുന്ന വിവരം അറിഞ്ഞത്.
എല്‍എസ്ഡി (ലൈസര്‍ജിക് ആസിഡ് ഡൈഈതൈല്അമേഡ്) ആണ് വിദ്യാര്‍ഥി ഓര്‍ഡര്‍ ചെയ്തിരുന്നത്. 14 എല്‍എസ്ഡി സ്റ്റാമ്പിന് 8700 രൂപയായിരുന്നു ഈടാക്കിയത്.
ഈ വിവരം സൈബര്‍ ഡോം അധികൃതര്‍ ടൗണ്‍ എസ്ഐയ്ക്ക് കൈമാറി. തുടര്‍ന്ന് ടൗണ്‍ എസ്ഐയും സംഘവും കൊറിയര്‍ സ്ഥാപനത്തിന് മുന്നില്‍ മണിക്കുറുകള്‍ക്ക് മുമ്പേ തന്നെ വേഷപ്രച്ഛന്നരായി നിലയുറപ്പിച്ചു.
മയക്കുമരുന്ന് വാങ്ങുന്നതിനായി വിദ്യാര്‍ഥി സുഹൃത്തുമായി ബൈക്കില്‍ കൊറിയര്‍ സ്ഥാപനത്തിലെത്തി. വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് അതിന്റെ കോപ്പി കൊറിയര്‍ സ്ഥാപനത്തില്‍ സമര്‍പ്പിച്ച് ഒപ്പിട്ട ശേഷം കൈപ്പറ്റി.
ഉടന്‍ തന്നെ പോലീസ് ഇവ പിടികൂടി. തുടര്‍ന്ന് ബോക്സ് പരിശോധിച്ചപ്പോഴാണ് പോലീസ് ഞെട്ടിയത്. എല്എസ്ഡിയ്ക്ക് പകരം എഫൊര് ഷീറ്റ് പേപ്പറുകള്‍ മാത്രമായിരുന്നുള്ളത്.
മയക്കുമരുന്ന് ലഭിച്ചില്ലെങ്കിലും വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെക്കുകയും സ്റ്റേഷനില്‍ എത്തിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
ചോദ്യം ചെയ്യലില്‍ തിക്കോടിയിലുള്ള അധ്യാപക ദമ്പതികളുടെ മകനാണെന്ന് തിരച്ചറിഞ്ഞു. കഴിഞ്ഞ 2020 ജനുവരി ഒന്നിനാണ് മയക്കുമരുന്ന് ആദ്യമായി ഉപയോഗിച്ചത്. പിന്നീട് പലപ്പോഴായി ഇത് ആവര്‍ത്തിച്ചു.
വീട്ടില്‍ നിന്ന് കോളജിലേക്ക് വരുമ്പോള്‍ നല്കുന്ന തുക ഉപയോഗിച്ചാണ് മയക്കുമരുന്ന് വാങ്ങുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ആഢംബര ജീവിതം നയിക്കുന്ന വിദ്യാര്‍ഥി 35,000 രൂപയോളം വിലവരുന്ന ആപ്പിള്‍ ഫോണാണ് ഉപയോഗിക്കുന്നത്. വീട്ടുകാരെ വിളിച്ചുവരുത്തി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ചും മറ്റും വ്യക്തമാക്കിയ ശേഷമാണ് പോലീസ് വിദ്യാര്‍ഥിയെ ഇവര്‍ക്കൊപ്പം വിട്ടയച്ചത്.
മുംബൈയില്‍ നിന്നാണ് കൊറിയര്‍ എത്തിയതെന്നും പോലീസ് കണ്ടെത്തി. അതേസമയം വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഓണ്‍ലൈന്‍വഴിയുള്ള മയക്കുമരുന്ന് വില്പന നടക്കുന്നതെന്നാണ് വിദ്യാര്‍ഥിയെ ചോദ്യം ചെയ്തതില്‍ നിന്ന് പോലീസിന് ലഭിച്ച വിവരം.
മയക്കുമരുന്ന് പതിവായി ഉപയോഗിക്കുന്നവരെ തേടി കണ്ടെത്തുകയാണ് ചെയ്യുന്നത്. പിന്നീട് ഇവരില്‍ നിന്നും ഏജന്റുമാരുടെ വിവരങ്ങള്‍ ശേഖരിക്കും.
ഇവരുടെ വാട്സ് ആപ്പ് നമ്പര്‍ വഴി ചാറ്റ് ചെയ്ത് ആവശ്യമുള്ള സിന്തറ്റിക് ഡ്രഗ്സുകള്‍ ഏതെന്ന് പറയുകയും വില ഉറപ്പിക്കുകയും ചെയ്യും.
വിലയില്‍ തീരുമാനമായാല്‍ ഓണ്‍ലൈന്‍ വഴി പണം അയയ്ക്കാന്‍ ആവശ്യപ്പെടും. ഇപ്രകാരം ഗൂഗിള്പേവഴിയും മറ്റും ഏജന്റുമാര്‍ക്ക് പണം അയച്ചു നല്‍കും. സ്ഥിരമായി മയക്കുമരുന്നുകള്‍ വാങ്ങുന്നവരെ വിശ്വസിച്ചാണ് ഏജന്റുമാര്‍ക്ക് വന്‍ തുകകള്‍ വരെ വിദ്യാര്‍ഥികള്‍ കൈമാറുന്നതെന്ന് പോലീസ് പറഞ്ഞു.
എത്തുന്നത് സിന്തറ്റിക് ഡ്രഗസ്
സിന്തറ്റിക് ഡ്രഗ്സിനത്തില്പ്പെട്ട എല്‍എസ്ഡി (ലൈസര്‍ജിക് ആസിഡ് ഡൈഈതൈല്അമേഡ്), എംഡിഎംഎ (മീതേല്ഡയോക്സി മെത്താംഫിറ്റമീന്‍) തുടങ്ങി മയക്കുമരുന്നുകളാണ് കൂടുതലായും എത്തുന്നത്.
സ്റ്റാമ്പ് രൂപത്തിലുള്ള എല്എസ്ഡിക്കാണ് ആവശ്യക്കാരേറേയുമുള്ളത്. കൊറിയര്‍ സര്‍വീസ് വഴി സൗകര്യപ്രദമായി എവിടെയും എത്തിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
വിദേശത്ത് നിന്ന് മുംബൈ, ബെംഗളൂരു, ചെന്നൈ ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളിലേക്കാണ് മയക്കുമരുന്നുകള്‍ വന്‍തോതില്‍ എത്തുന്നത്.
ടംഗ്സ്റ്റണ്‍ കാര്‍ബണ്‍ പേപ്പറുകളില്‍ പൊതിഞ്ഞ് എത്തിക്കുന്നതിനാല്‍ വിമാനത്താവളങ്ങളിലെ എക്സ്റേ പരിശോധനയില്‍നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാന്‍ സാധിക്കുന്നുണ്ട്.
മെട്രോസിറ്റികളില് എത്തിയാല്‍ പിന്നീട് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന ഏജന്റുകള്‍ വഴി കൊറിയര്‍ സര്‍വീസായി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയാണ് പതിവ്.