സ്വന്തം ലേഖകൻ
ന്യൂഡൽഹി: “”ഞങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ട്. പക്ഷേ, കർഷകരുടെ സഹനങ്ങൾ ഓർക്കുന്പോൾ അതൊന്നും ഒന്നുമല്ല. ഈ കൊടും തണുപ്പത്ത് അവരെങ്ങനെയാണ് കഴിച്ചു കൂട്ടുന്നതെന്ന് ചിന്തിക്കാൻ കൂടി കഴിയുന്നില്ല.’’ സിംഗു അതിർത്തിയിലെ രസോയ് ഗ്രാമത്തിലെ വർക്ക്ഷോപ്പ് ഉടമ ഷബുദിൻ പറഞ്ഞു.
കർഷകസമരം പ്രദേശത്തെ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു എന്ന് കേന്ദ്ര സർക്കാർ പാർലമെന്റിലും പോലീസ് പുറത്തും പ്രചരിപ്പിക്കുന്നതിനിടെയാണ് ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷക സമരത്തെ ചേർത്തു നിർത്തി പ്രദേശവാസികൾ ഇങ്ങനെ പ്രതികരിച്ചത്.
കർഷക സമരം മൂലമല്ല, പോലീസ് സ്ഥാപിച്ച ബാരിക്കേഡുകളും നിയന്ത്രണങ്ങളുമാണു തങ്ങളുടെ സാധാരണ ജീവിതം സ്തംഭിച്ചിരിക്കുന്നതെന്നാണ് അവർ പറയുന്നത്.
സിംഗു, കുണ്ഡ്ലി, രസോയ് തുടങ്ങി അതിർത്തി പ്രദേശത്തെ ഗ്രാമങ്ങളാണ് ബാരിക്കേഡുകൾ കൊണ്ട് വിഷമത്തിലായിരിക്കുന്നത്.
സിംഗു ഗ്രാമത്തിൽ നിന്നു പുറത്തേക്കു കടക്കാനുള്ള ഡൽഹി-ഹരിയാന അതിർത്തിയിലെ ഗ്രേറ്റർ കർണാൽ റോഡും പോലീസ് തടസപ്പെടുത്തിയിരിക്കുകയാണ്.
ബാരിക്കേഡുകൾ മൂലം ഡൽഹിയിലേക്കോ തിരിച്ചോ വാഹനത്തിൽ വന്നു പോകാൻ കഴിയുന്നില്ലെന്നു രാജ് സിംഗ് പറഞ്ഞു. രണ്ടു മാസത്തിനിടയ്ക്ക് കർഷകർ സമരം കൊണ്ട് ഒരു തരത്തിലും തങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നില്ല.
എന്നാൽ, പോലീസ് ബാരിക്കേഡുകൾ മറ്റു സ്ഥലങ്ങളിൽ നിന്നു തങ്ങളുടെ ഗ്രാമങ്ങളെ ഒറ്റപ്പെടുത്തുകയാണെന്നു പ്രദേശവാസികൾ പറഞ്ഞു.
പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിലെ പോലീസ് ബാരിക്കേഡുകൾ കർഷകർക്കെതിരേ ജനങ്ങളെ തിരിച്ചുവിടാനുള്ള പോലീസിന്റെ തന്ത്രമാണെന്നു പ്രദേശവാസിയായ രാധേശ്യാം ചൂണ്ടിക്കാട്ടി.
പക്ഷേ, തങ്ങൾക്ക് കർഷകരോട് വൈരാഗ്യം തോന്നേണ്ട ഒരു കാര്യവുമില്ല. അവരുടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കാൻ തയാറായാൽ അവർ ഈ സമരം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുമാസമായി തന്റെ കടയിലേക്ക് പുതിയതായി ഒരു സാധനം പോലും എത്തിക്കാനായിട്ടില്ലെന്നാണ് പലചരക്ക് കടക്കാരനായ രാജാറാം പറഞ്ഞത്. വണ്ടികൾ പോലീസ് കടത്തിവിടാത്തത് തന്നെയാണ് കാരണം.
കർഷകരുടെ പിടിവാശിയല്ല, മറിച്ച് സർക്കാരിന്റെ പിടിവാശിയാണ് ഈ സ്ഥിതിവിശേഷത്തിന് കാരണം എന്നാണ് കൃഷിക്കാർ കൂടിയായ ഭൂരിപക്ഷം പ്രദേശവാസികളും പറയുന്നത്.
കഴിഞ്ഞ ആഴ്ചയാണ് ഇരുന്നൂറോളം വരുന്ന സംഘം കർഷകരെ സമരത്തിൽ നിന്നു തുരത്തിയോടിക്കാൻ പ്രദേശവാസികൾ എന്ന വ്യാജേന എത്തിയത്.
എന്നാൽ, അക്രമികൾ ആർഎസ്എസ് ഗുണ്ടകളായിരുന്നെന്നാണ് കർഷകർ ആരോപിച്ചത്. മറ്റൊരു വാഹനവും കടത്തി വിടാത്ത സമയത്ത് വാഹനങ്ങളിൽ എത്തിയ അക്രമിസംഘം കർഷകരുടെ ടെന്റുകൾ പൊളിച്ചു നീക്കുകയും മറ്റു സൗകര്യങ്ങൾ തകർക്കുകയും കല്ലെറിയുകയും ചെയ്തു.