നെടുങ്കണ്ടം: പൊപൗലുവിന്റെ രുചി ഇടുക്കിയിലും. നെടുങ്കണ്ടം മഞ്ഞപ്പെട്ടി ദേവാലയ മുറ്റത്താണ് പൊപൗലു വിളഞ്ഞത്. ഇന്തോനേഷ്യക്കാരനാണ് പൊപൗലു.
കാഴ്ചയ്ക്കുതന്നെ കൗതുകം തോന്നുന്ന രൂപം. ഏത്തപ്പഴത്തിന് സമാനമായ രുചി. ചിപ്സുണ്ടാക്കാൻ ഏത്തനേക്കാളും കേമനാണ് പൊപൗലു.
മൂന്നേകാൽ കിലോ ഏത്തക്കായ വറുക്കുന്പോഴാണ് ഒരുകിലോ ചിപ്സ് ലഭിക്കുന്നതെങ്കിൽ രണ്ടുകിലോ പൊപൗലു പച്ചക്കായയിൽനിന്ന് ഒരു കിലോ ചിപ്സ് ലഭിക്കും. നല്ല മഞ്ഞ നിറവും രുചിയും ഇതിന്റെ പ്രത്യേകതയാണ്.
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെങ്കിലും അപൂർവമായാണ് പൊപൗലു ഇവിടെ കൃഷിചെയ്യുന്നത്. തങ്കമണി കർഷക സംഘത്തിൽ എത്തിച്ച വിത്തുകളിൽനിന്നാണ് മഞ്ഞപ്പെട്ടി സെന്റ് മേരീസ് ദേവാലയ വികാരി ഫാ. ജോസഫ് പൗവത്ത് വിത്ത് സ്വന്തമാക്കിയത്.
ദേവാലയ മുറ്റത്ത് പരിപാലിച്ച രണ്ടു വാഴകളാണ് കുലച്ചത്. ഇന്തോനേഷ്യയിൽ വ്യാപകമായി ഈ വാഴയാണ് കൃഷിചെയ്യുന്നത്.
കേരളത്തിലെ കാലാവസ്ഥയിൽ പൊപൗലു നന്നായി വളരുമെന്നു കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കായ് പഴുക്കുന്തോറും മധ്യഭാഗം കട്ടികൂടുന്നതിനാൽ പഴമായി ഉപയോഗിക്കാൻ അധികംപേരും താത്പര്യപ്പെടുന്നില്ല.
എന്നാൽ കറിക്കും മൂല്യവർധിത ഉത്പന്നങ്ങളായ ചിപ്സ്, വൈൻ, വാഴപ്പിണ്ടി സിറപ്പ്, വാഴപ്പിണ്ടി അച്ചാർ തുടങ്ങിയവ ഉണ്ടാക്കാനും ഇത് മികച്ചതാണ്.