കോട്ടയം: എൻസിപി ഇടതുമുന്നണി വിടില്ലെന്ന് ദേശീയ പ്രസിഡന്റ് ശരത്പവാർ പറഞ്ഞതോടെ മാണി സി. കാപ്പൻ എംഎൽഎയ്ക്ക് മറ്റൊരു സീറ്റു നൽകാൻ സിപിഎമ്മും ഇടതുമുന്നണിയും. മന്ത്രി ഏ.കെ. ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂർ സീറ്റിൽ മാണി സി. കാപ്പനോട് മത്സരിക്കാൻ സിപിഎം ആവശ്യപ്പെടും.
ശശീന്ദ്രന് പകരം കണ്ണൂർ സീറ്റ് നൽകാനാണ് സിപിഎമ്മിന്റെ ആലോചന. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ എൻസിപി ദേശീയ സെക്രട്ടറി ഫ്രഫുൽ പട്ടേൽ അടുത്തയാഴ്ച തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
ശരത്പവാറും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ ചർച്ചയുടെ തുടർ ചർച്ചകൾക്കായിട്ടാണ് ഫ്രഫുൽ പട്ടേൽ കേരളത്തിലെത്തുന്നത്.
കാപ്പന് മന്ത്രിസ്ഥാനം
പാലാ വിട്ടു നൽകുന്ന കാപ്പന് എലത്തൂർ സീറ്റും തുടർഭരണം കിട്ടിയാൽ മന്ത്രിസ്ഥാനവുമാണ് സിപിഎം വാഗ്ദാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടു തന്നെയാണ്.
ഇതിനിടയിൽ രാജ്യസഭാ സീറ്റും വേണമെന്ന് എൻസിപി ആവശ്യപ്പെട്ടിട്ടുണ്ട്. എലത്തൂർ പാക്കേജിനോട് ശശീന്ദ്രൻ എതിർപ്പു പ്രകടിപ്പിച്ചാൽ മാണി സി. കാപ്പനെ രാജ്യസഭയിലേക്ക് അയക്കാനാണ് നീക്കം.
എന്നാൽ ജോസ് കെ.മാണി ഒഴിയുന്ന മൂന്നു വർഷ രാജ്യസഭ സീറ്റിനോട് കാപ്പൻ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ആറു വർഷ രാജ്യസഭ സീറ്റു മതിയെന്നാണ് കാപ്പന്റെ നിലപാട്.
അങ്ങനെ വന്നാൽ കെ.കെ. രാഗേഷ് ഒഴിയുന്ന രാജ്യസഭ സീറ്റ് കാപ്പനു നൽകിയേക്കും. എൻസിപി ഇടതു മുന്നണിയിൽ തുടരുമെന്ന ദേശീയ അധ്യക്ഷന്റെ നിലപാട് എടുക്കുകയും പവാർ എന്റെ നേതാവാണ്, പവാർ പറഞ്ഞാൽ അനുസരിക്കുമെന്ന് കാപ്പനും നിലപാടെടുത്തതോടെ യുഡിഎഫിൽ എത്തിച്ച് കാപ്പനെ മത്സരിപ്പിക്കാനുള്ള നീക്കം കോണ്ഗ്രസും കേരള കോണ്ഗ്രസ് ജോസഫ് വിഭാഗവും ഉപേക്ഷിച്ചു.