ന്യൂഡല്‍ഹി: ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ പതിനഞ്ച് ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കും വിശ്വസിച്ച് കാത്തിരിക്കുകയാണെന്ന് രാജ്യസഭയില്‍ മുസ്ലിംലീഗ് എംപി അബ്ദുള്‍ വഹാബ്.
2014ല്‍ മോദി നല്കിയ വാഗ്ദാനം താന്‍ അതേപടി വിശ്വസിച്ചിരിക്കുകയാണ്. തന്റെ ഭാര്യയും ഈ പണം വരുന്നതും കാത്തിരിക്കുകയാണ്.
മോദി ഉറപ്പു നല്കിയ പതിനഞ്ച് ലക്ഷം അക്കൗണ്ടില്‍ വന്നാല്‍ ഉടന്‍ ഭാര്യ തനിക്ക് വേണ്ടി കുറച്ച് ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുകയാണെന്നുമാണ് അബ്ദുള്‍ വഹാബ് പറഞ്ഞത്.
വഹാബിന്റെ വാക്കുകള്‍ സഭയില്‍ ചിരി പടര്‍ത്തി. കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച എംപി ലാഡ്സ് ഫണ്ട് പുനഃസ്ഥാപിക്കണമെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ അബ്ദുള്‍ വഹാബ് ആവശ്യപ്പെട്ടു.