തൊടുപുഴ: അപകട രഹിതമായി മൂന്നു പതിറ്റാണ്ടായി വാഹനം ഓടിക്കുന്ന തൊടുപുഴ ഇടവെട്ടി സ്വദേശി ഉറുന്പനാൽ ജോർജ് വർഗീസി (60) ന് സംസ്ഥാന സർക്കാരിന്റെ മികച്ച ഡ്രൈവർക്കുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം.
സ്വകാര്യ തൊഴിൽ മേഖലയിൽ നിന്നുള്ളവരെയാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഇന്ന് ഉച്ച കഴിഞ്ഞ് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ സമ്മാനിക്കും.
1983-ൽ ആണ് ജോർജ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നത്. 86 മുതൽ തൊടുപുഴയിൽ ഓട്ടോ ഓടിക്കുകയായിരുന്നു. പിന്നീട് ആറു വർഷത്തോളം തൊടുപുഴയിലെ പാചക വാതക വിതരണ ഏജൻസിയിൽ ഡ്രൈവറായി.
കഴിഞ്ഞ 18 വർഷമായി ഇടവെട്ടി മാർത്തോമയിലെ ഗ്രാനൈറ്റ് ഏജൻസിയിൽ ടിപ്പർ ലോറി ഡ്രൈവറായി ജോലി നോക്കുകയാണ്. വാഹനമോടിക്കാൻ തുടങ്ങിയ കാലം മുതൽ ഇന്നോളം ഒരപകടവും ജോർജ് വരുത്തി വച്ചിട്ടില്ല.
സംസ്ഥാന പുരസ്ക്കാരത്തിനായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്നോടിയായി തൊഴിൽ വകുപ്പിന്റെയും വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ മൂന്ന് അഭിമുഖങ്ങൾ നടത്തിയിരുന്നു.
ആദ്യം തൊടുപുഴയിൽ ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിലും പിന്നീട് എറണാകുളം സിവിൽ സ്റ്റേഷനിലും തുടർന്ന് തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും നടന്ന അഭിമുഖങ്ങളിൽ പങ്കെടുത്തു.
ഇതോടെയാണ് സംസ്ഥാനത്തെ മറ്റ് ഡ്രൈവർമാരെ പിന്തള്ളി ജോർജ് വർഗീസ് പുരസ്കാരത്തിനർഹനായത്. 36 വർഷത്തെ ഡ്രൈവിംഗ് കാലത്തിനിടെ ലഭിച്ച പുരസ്കാരം ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് ജോർജ് പറഞ്ഞു. ഭാര്യ സെലിൻ. മക്കൾ : സിജോ, സിജി.