പത്തനംതിട്ട: നഗരസഭ പ്രദേശത്ത് ജലവിതരണം താറുമാറായിട്ട് രണ്ടാഴ്ചയായി. നഗരമധ്യത്തിലും മറ്റു വാര്‍ഡുകളിലും ജലവിതരണം കാര്യക്ഷമമല്ല.
പൈപ്പ് പൊട്ടലിന്റെ പേരില്‍ പമ്പിംഗ് കുറച്ചതാണ് ജലവിതരണം പ്രതിസന്ധിയിലാക്കിയത്. പൊട്ടിയ പൈപ്പുകള്‍ മാറ്റിയിടാന്‍ റോഡ് കുഴിക്കാന്‍ പൊതുമരാമത്ത് അനുമതിയും നല്‍കുന്നില്ല.
കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് ഒട്ടുമിക്ക പ്രദേശങ്ങളിലേക്കും പോകുന്നതെന്നതിനാല്‍ ഇതു മാറ്റിയിടാതെ പമ്പിംഗ് സുഗമമാകില്ലെന്നാണ് ജലഅഥോറിറ്റിയുടെ നിലപാട്.ജലവിതരണം പ്രതിസന്ധിയിലായതോടെ നഗരത്തിലെ കുടിവെള്ള വില്പനക്കാര്ക്കാണ് കൊയ്ത്തായത്.
ടാങ്കറുകളില്‍ വെള്ളം ശേഖരിച്ച് വീടുകളിലെത്തിക്കുമ്പോള്‍ 2000 ലിറ്ററിന് 800 രൂപയ്ക്കു മുകളിലേക്കാണ് വില. കിലോമീറ്ററുകളനുസരിച്ച് വില വ്യത്യാസമുണ്ടാകും. 2000 ലിറ്റര്‍ വെള്ളം ആവശ്യമില്ലാത്തവരും അതിന്റെ പണം നല്‍കേണ്ടിവരും.
നഗരത്തിലെ ഫ്ളാറ്റുകളും സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ജലവിതരണം നിലച്ചിരിക്കുകയാണ്.
പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ ഇന്നലെ നഗരസഭ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയിരുന്നു. ജല അഥോറിറ്റി ഓഫീസില്‍ എത്തിയ അംഗങ്ങള്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ വി. സതീദേവിയെ ഉപരോധിച്ചു.
അസിസ്റ്റന്റ് എന്‍ജിനീയറുടെ മറുപടി തൃപ്തികരമല്ലാതിരുന്നതിനാല്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എത്തണമെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരികുമാര്‍ എത്തി ചര്‍ച്ച നടത്തി.
അടുത്ത ദിവസം മുതല്‍ കൂടുതല്‍ തോതില്‍ വെള്ളം തുറന്ന് വിടാമെന്നും പൈപ്പ് പൊട്ടിയൊഴുകുന്നത് ഒരാഴ്ചയ്ക്കകം നന്നാക്കാമെന്നുമുള്ള ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
നഗരമധ്യത്തിലടക്കം പൈപ്പ് പൊട്ടിയ ഭാഗങ്ങള്‍ നന്നാക്കാന്‍ റോഡ് വെട്ടിപ്പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയിട്ടില്ല. ഇതും ജലവിതരണം തടസപ്പെടാന്‍ കാരണമായതായി പറയുന്നു.