മുക്കം: അഴുക്കുചാലിലെ മാലിന്യങ്ങൾ നീക്കാതെ സ്ലാബിട്ട് മൂടാനുള്ള കരാറുകാരന്റെ നീക്കം വ്യാപാരികൾ തടഞ്ഞു. മുക്കം ടൗണിലെ പ്രധാന റോഡുകളിലൊന്നായ പുതിയ ബസ് സ്റ്റാൻഡിനേയും പഴയ ബസ് സ്റ്റാൻഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന എരക്കഞ്ചേരി റോഡിലെ ഡ്രൈനേജ് പ്രവൃത്തിയാണ് തടഞ്ഞത്.
കഴിഞ്ഞ ആഴ്ച ഈ റോഡിലെ കോൺക്രീറ്റ് പൂർത്തീകരിച്ചിരുന്നു. തുടർന്ന് അഴുക്കുചാൽ സ്ലാബിടുന്ന പ്രവൃത്തിയും ആരംഭിക്കുകയും ചെയ്തു.
എന്നാൽ റോഡ് പ്രവൃത്തിയുടെ ഭാഗമായി മണ്ണും കല്ലും ചപ്പുചവറുകളുമെല്ലാം നിറഞ്ഞ ഡ്രൈനേജ് ഇവയൊന്നും നീക്കം ചെയ്യാതെ സ്ലാബിട്ട് മൂടാനായിരുന്നു കരാറുകാരന്റെ ശ്രമം.
ഇതിനെതിരെ രംഗത്തെത്തിയ വ്യാപാരികളോട് ഡ്രൈനേജിലെ മാലിന്യം നീക്കൽ തന്റെ പ്രവൃത്തിയുടെ ഭാഗമല്ലന്ന് കരാറുകാരൻ പറയുകയായിരുന്നു എന്ന് വ്യാപാരികൾ പറഞ്ഞു.
നാട്ടുകാർ മുക്കം നഗരസഭാധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പ്രവൃത്തി നിർത്തിവയ്പ്പിക്കുകയും ചെയ്തു.