കോഴിക്കോട്: ലോക്സഭാംഗത്വം രാജിവച്ച് നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നടപടിയെചൊല്ലി ലീഗിൽ മുറുമുറുപ്പ്.
തന്നിഷ്ടം നടപ്പാക്കി അവയെല്ലാം പാർട്ടിയുടെ മേൽ ചാരുന്ന രീതിയാണ് കുഞ്ഞാലിക്കുട്ടിയുടേതെന്നാണ് ഒരു വിഭാഗം അണികൾക്കിടയിലുള്ള വികാരം.
യൂത്ത് ലീഗിനും കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തോട് യോജിപ്പില്ല. കഴിഞ്ഞ മാസം ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിൽ ഇങ്ങിനെയൊരു അഭിപ്രായം ഉയർന്നിരുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുന്നവർ പറയുന്നത്.
എന്നാൽ അങ്ങിനെയൊരു രാഷ്ട്രീയ തീരുമാനം പാർട്ടിക്കുണ്ടായിരുന്നില്ലെന്നാണ് വിമർശകരുടെ പക്ഷം. കുഞ്ഞാലിക്കുട്ടിയുടെ മാത്രം തീരുമാനമായിരുന്നു അത്. പാർട്ടിയെക്കൊണ്ട് അംഗീകരിപ്പിക്കുകയായിരുന്നുവെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്.
മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ചെലവേറിയ ഉപതെരഞ്ഞെടുപ്പിനു കളമൊരുക്കുന്ന ഈ നീക്കം പാർട്ടിക്കും മുന്നണിക്കും ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഉണ്ടാക്കുകയെന്നാണ് പ്രധാന വിമർശനം.
ലോക്സഭാംഗമായിരിക്കെ മുത്തലാഖ്, സിഎഎ വിഷയങ്ങളിൽ ഇടപ്പെടുന്നതിനു പകരം അവധിയിൽപോയ കുഞ്ഞാലിക്കുട്ടിയുടെ നടപടി അന്ന് പാർട്ടിയിലും പുറത്തും ചർച്ചയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് നയത്തിനെതിരെ പോരാടാനാണ് താൻ ലോക്സഭയിലേക്ക് പോകുന്നത് എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടിരുന്നത്.
എന്നാൽ എല്ലാ പോരാട്ടങ്ങളും അവസാനിപ്പിച്ച് രാജിവച്ച് നാട്ടിലേക്കുമടങ്ങുന്ന കുഞ്ഞാലിക്കുട്ടി സമൂഹമാധ്യമങ്ങളിലും പരിഹാസത്തിനു പാത്രമാകുന്നുണ്ട്.
മുസ്ലിം ലീഗിന്റെ ചുക്കാൻ കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കുന്നതിൽ കേരളത്തിലെ നേതൃത്വത്തിലും ചിലർക്ക് അമർഷമുണ്ട്. യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ പാർട്ടി കുഞ്ഞാലിക്കുട്ടിയുടെ ചൊൽപ്പടിയിലാകുമെന്നതാണ് കാരണം.
അതേസമയം കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുന്നതോടെ പാർട്ടി കൂടുതൽ ശക്തമാകുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടിയിലെ ഒരു വിഭാഗം.