കോഴിക്കോട്: ബീച്ചിലും പാര്‍ക്കിലും 10 വയസിന് താഴെയുള്ള കുട്ടികളെ കൊണ്ടുവന്നാല്‍ കോവിഡ് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് പോലീസ്.
കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്. പാര്‍ക്കുകളും ബീച്ചുകളും മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കുന്നതിനോടൊപ്പം കര്‍ശന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
10 വയസിന് താഴെയുള്ള കുട്ടികളും 60 വയസിനുമുകളിലുള്ളവരും ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ വരുന്നതിന് നിലവില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ ഉത്തരവ് നടപ്പാക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്നും സിറ്റി പോലീസ് കമ്മിഷണര്‍ എ.വി.ജോര്‍ജ്ജ് അറിയിച്ചു.
അതേസമയം പത്തു വയസില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന് 2,000 രൂപ ഈടാക്കുമെന്നത് അടിസ്ഥാന രഹിത മാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കോവിഡ് ആക്ടുകള്‍ ചുമത്തിയാല്‍ 500 രൂപ മുതല്‍ പിഴ ഈടാക്കാവുന്നതാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങള്‍ വഴി പോലീസ് നടപടി സംബന്ധിച്ച് വ്യാജ സന്ദേശം വൈറലായി മാറിയിരുന്നു.
“പത്തു വയസില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കു’ മെന്നായിരുന്നു പ്രചരിച്ചത്.
എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിന് പിന്നാലെയാണ് നിയന്ത്രണമുള്ള സ്ഥലങ്ങളില്‍ പോലും കുട്ടികളുമായി ആളുകള്‍ എത്താന്‍ തുടങ്ങിയത്.
കോവിഡ് പോസ്റ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കോഴിക്കോട് നഗരത്തില്‍ പോലീസ് കര്‍ശന പരിശോധന നടത്താനാണ് തീരുമാനിച്ചത്് .