സാധാരണ നമ്മുടെ നാട്ടിലൂടെ കുളിക്കാതെയും നനയ്ക്കാതെയുമൊക്കെ നടക്കുന്നവരെ കണ്ടാൽ നമ്മൾക്കൊരു അസ്വസ്ഥത തോന്നില്ലേ.
വൃത്തിയും വെടിപ്പും ഇല്ലാത്തവരെന്ന തോന്നലാണ് ഇവരെക്കുറിച്ച് ഒാർക്കുന്പോൾ തന്നെ പലരുടെയും മനസിൽ തെളിയുക. മിക്കവാറും മാനസിക ദൗർബല്യമുള്ളവരാകും പലപ്പോഴും കുളി ഉപേക്ഷിച്ചുനടക്കുന്നത്.
കുളിക്കാത്തതു കുറ്റമല്ല!
എന്നാൽ, നമീബിയയുടെ വടക്കുപടിഞ്ഞാറൻ പ്രദേശത്തെ കുനെനെ ഭാഗത്തുചെന്നാൽ കുളിക്കാതെ നടക്കുന്ന ഒരു ഗോത്ര വിഭാഗത്തെ കാണാം.
ഹിംബ എന്നറിയപ്പെടുന്ന സെമി-നാടോടികളായൊരു ഗോത്രവർഗം. കന്നുകാലി വളർത്തലാണ് ഇവരുടെ പ്രധാന ജീവനോപാധി. ഹിംബ വർഗക്കാർ കുളിക്കാതെ നടക്കുന്നതു അവരുടെ കുറ്റംകൊണ്ടു മാത്രമല്ല.
അവരു താമസിക്കുന്ന പ്രദേശത്തു വെള്ളമില്ല എന്നതാണു പ്രധാന കാരണം. വരണ്ടുണങ്ങിയ കാലാവസ്ഥയാണ്. കുടിവെള്ളത്തിന് ഉൾപ്പെടെ അവർ കഷ്ടപ്പെടുകയാണ്.
അപ്പോൾപിന്നെ ദിവസവും കുളിക്കണമെന്നു പറയാൻ പറ്റില്ലല്ലോ. കുളിക്കാൻ പറഞ്ഞാൽ വെള്ളം തരാൻ അവർ പറയും. പക്ഷേ, ഇവർ കുളിക്കാറില്ലെങ്കിലും അഴുക്കും ചെളിയും പിടിച്ചു വികൃത രൂപികളായിട്ടല്ല നടപ്പ്.
മറ്റ് നാടോടി ഗ്രൂപ്പുകളെ അപേക്ഷിച്ചു നോക്കുന്പോൾ ഇവർ സുന്ദരന്മാരും സുന്ദരികളുമാണ്. കുളിക്കാതെ നടക്കുന്ന ഇവർ എങ്ങനെയാണു സൗന്ദര്യം നിലനിർത്തുന്നത്.
കിടിലൻ പുക കുളി!
വെള്ളംകൊണ്ടുള്ള കുളി ഒഴിവാക്കിയാലും ഇവർ മറ്റൊരു കുളി നടത്താറുണ്ട്. അതാണ് പുക കുളി. പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ഒൗഷധ കൂട്ടുകൾ ചേർത്ത് ഇവർ തീയിടും.
ഇതിൽനിന്നു കനത്ത പുകയുണ്ടാക്കും. ആ പുക ശരീരത്തിലേക്ക് അടിപ്പിക്കും. ഇതോടെ ഇവരുടെ ശരീരം വെട്ടിവിയർക്കും.
ശരീരത്തിലടിയുന്ന പൊടിയും ചെളിയുമെല്ലാം വിയർപ്പിനൊപ്പം നീക്കം ചെയ്യപ്പെടും. പകരം ഒൗഷധക്കൂട്ടുകൾ പുകയോടൊപ്പം ഇവരുടെ ശരീരത്തിലേക്ക് ആവാഹിക്കുകയും ചെയ്യും.
ചെമ്മണ്ണ് മുടിക്കാരികൾ
ഈ ഗോത്രക്കാരിലെ സ്ത്രീകൾക്കു വേറൊരു പ്രത്യേകതയുണ്ട്. അവരെ കണ്ടാൽ ചെമ്മണ്ണിന്റെ കളറാണ്. തലമുടിയാവട്ടെ ചെമ്മണ്ണിന്റെ കളറിൽ കയറുപോലെ തൂക്കിയിട്ടിരിക്കുന്നതും കാണാം.
തലമുടി ഇങ്ങനെ ആക്കിയെടുക്കുന്നതിനു പിന്നിൽ ഇവർക്കൊരു ചേരുവയുണ്ട്. വെണ്ണ, കൊഴുപ്പ്, ചെമ്മണ്ണ് ഇവ മൂന്നും കൂട്ടിക്കുഴച്ച് ഇവരൊരു മിശ്രിതമുണ്ടാക്കും ഇതു തലമുടിയിലും മുഖത്തും ശരീരത്തുമൊക്കെ ഇവർ തേച്ചു പിടിപ്പിക്കുമത്രേ. ഇതോടെയാണ് ഇവരുടെ ശരീരം ചെമ്മണ്ണിന്റെ നിറത്തിലെത്തുക.
ഇവർക്കു വേറെയും ചില രീതികളുണ്ട്. അതിഥികളുമായി കിടക്ക പങ്കിടാൻ ഈ സ്ത്രീകൾ മടി കാട്ടാറില്ല. നവജാത ശിശുക്കളെ പ്രത്യേകം മാലകൾ ധരിച്ച് അലങ്കരിക്കും. തങ്ങളുടെ വിശ്വാസങ്ങളും സംസ്കാരവും പുറത്തുനിന്നുള്ളവർ മലിനമാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും.
ചെറുപ്പത്തിൽ കല്യാണം
ഹിംബയിലെ ആണുങ്ങൾ പ്രധാനമായും കന്നുകാലി വളർത്തുന്നവരും കൃഷിക്കാരും ആണ്, അതേസമയം അവരുടെ സ്ത്രീകൾ വിറക് ശേഖരിക്കുക, പാചകം ചെയ്യുക, ഭക്ഷണം വിളമ്പുക, വെള്ളം കണ്ടെത്തുക തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്നു.
ഇക്കൂട്ടർ സമൂഹത്തോടു കൂറുള്ളവരും വലിയ രീതിയിൽ മതവിശ്വാസം വച്ചു പുലർത്തുന്നവരുമാണ്. പ്രത്യേകം ദേവൻമാരെ ഇവർ ആരാധിക്കുന്നു.
ബഹുഭാര്യാത്വം ഇവർക്കിടയിൽ പതിവാണ്. ചെറുപ്പത്തിൽത്തന്നെ പെൺകുട്ടികൾ വിവാഹിതരാകുന്നു. പുറത്തുനിന്നെത്തുന്നവരുമായി അവർ സൗഹാർദത്തോടെ പെരുമാറും. പക്ഷേ, അവരുടെ സംസ്കാരത്തെ തൊട്ടുകളിക്കാൻ അനുവദിക്കില്ല.