കാഞ്ഞങ്ങാട്: ഗ്രാമ-നഗരഭേദമെന്യേ ഹോട്ടലുകളിൽ അടിക്കടി വില വർധിപ്പിക്കുന്പോൾ കൊളവയൽ കാറ്റാടിയിലെ കെ.വി.ഭരതേട്ടന്റെ ചായക്കടയിൽ ചായയ്ക്കും ചെറുകടിക്കും അഞ്ചുരൂപ മാത്രം.
ചോറിനാകട്ടെ 25 രൂപയും നല്ല തേങ്ങയരച്ചുള്ള കോഴിക്കറിക്ക് വെറും 15 രൂപയുമാണ് വില. ഉച്ചയൂണിന് മറ്റു ഹോട്ടലിൽ 50 മുതൽ 60 വരെ വാങ്ങുമ്പോൾ ഭരതേട്ടനു വേണ്ടത് 25 രൂപ മാത്രം.
എണ്ണ, പച്ചക്കറി എന്നിവയ്ക്കെല്ലാം വില കൂടിയില്ലേ ഭരതേട്ടാ ചോറിന് വില കൂട്ടിക്കൂടെ എന്നു ചോദിച്ചാൽ ചിരിച്ചുകൊണ്ട് ഭരതേട്ടൻ ഇങ്ങനെ പറയും, “മരിക്കുന്നതുവരെ ഇങ്ങന്നെ പോട്ട്പ്പാ…”
42 വർഷമായി ഭരതൻ കാറ്റാടിയിൽ ഹോട്ടൽ നടത്തിവരികയാണ്. തുടക്കത്തിൽ ചായയ്ക്ക് 20 പൈസയും ചെറുകടിക്ക് 25 പൈസയുമായിരുന്നു.
ചായ, പുട്ട്, ഗോളിവജ, പഴംപൊരി, പൊറോട്ട, നെയ്പത്തൽ എന്നിവയ്ക്കെല്ലാം ഇപ്പോൾ അഞ്ചു രൂപ മാത്രം. 28-ാം വയസിലാണ് ചായക്കട തുടങ്ങിയത്. ഇപ്പോൾ പ്രായം 70 കഴിഞ്ഞുവെങ്കിലും ഭക്ഷണസാധനങ്ങളുടെ വിലയിൽ നേരിയ വർധന മാത്രമാണുണ്ടായിട്ടുള്ളത്.
ഭരതനും ഭാര്യ കുഞ്ഞിപ്പെണ്ണുമാണ് ഹോട്ടലിലെ ജോലികൾ മുഴുവൻ ചെയ്യുന്നത്. ജോലിക്കാരായി മറ്റാരുമില്ല. എങ്കിലും മുറി വാടക, വൈദ്യുതി ചാർജ് എന്നിവ നൽകേണ്ടതുണ്ട്.
ലാഭത്തിനപ്പുറം സാമൂഹികസേവനമാണ് താൻ നിർവഹിക്കുന്നതെന്നാണ് ഭരതന്റെ അഭിപ്രായം. ചായക്കടയിലൂടെ കാര്യമായ സമ്പാദ്യമൊന്നും നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഭാര്യയും രണ്ടുമക്കളുമടങ്ങിയ കുടുംബത്തെ പോറ്റാൻ കഴിയുന്നുണ്ടെന്ന് ഭരതൻ പറയുന്നു.