കോഴിക്കോട് : കാശ്മീരിലെ കത്വയിലും യുപിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത് ലീഗ് പിരിച്ച ഫണ്ട് സംബന്ധിച്ച് വീണ്ടും ആരോപണം.
യൂത്ത്ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം ഉന്നയിച്ച ആരോപണത്തെ തുടര്‍ന്ന് പിരിച്ച ഫണ്ടിനെ കുറിച്ചും ചെലവാക്കിയതിനെ കുറിച്ചും യൂത്ത്ലീഗ് നേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇതിനെയും ചോദ്യം ചെയ്തുകൊണ്ടാണ് യൂസഫ് പടനിലം വീണ്ടും രംഗത്തെത്തിയത്. യൂത്ത്ലീഗ് പുറത്തുവിട്ട കണക്കില്‍ വിദേശത്ത് നിന്ന് ലഭിച്ച ഫണ്ട് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം.
2019 ല്‍ അക്കൗണ്ടിലേക്ക് ദുബായിലെ ബിസിനസുകാരനായ ചടയമംഗലം സ്വദേശി 25,000 രൂപ നല്കിരുന്നു. ഇക്കാര്യം അന്ന് വാട്സ് ഗ്രൂപ്പുകളില്‍ ഏറെ ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു.
ഇതേ രീതിയില്‍ കൂടുതല്‍ സംഭാവനകള്‍ വിദേശത്ത് നിന്ന് എത്തിയിട്ടുണ്ട്. എന്നാല്‍ ഈ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെന്നാണ് പുതിയ ആരോപണം.
വിദേശത്ത് നിന്ന് വന്‍തോതില്‍ പണം ലഭിച്ചിട്ടുണ്ടെന്നും സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും കഴിഞ്ഞ ദിവസം മന്ത്രി കെ.ടി.ജലീലും പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിദേശഫണ്ട് സംബന്ധിച്ചും മറ്റും കണക്കുകളില്‍ വ്യക്തത വരുത്തണമെന്ന ആവശ്യം ശക്തമായത്. മലപ്പുറത്ത് നിന്നുള്ള ഫണ്ട് കളക്ഷന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായും നേതാക്കള്‍ അറിയിച്ചിരുന്നു.
മലപ്പുറം ജില്ലയിലും കോഴിക്കോട് നഗരാതിര്‍ത്തിയിലും മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ച ഫണ്ട് ശേഖരണം പിന്നീട് നടന്നിട്ടുണ്ട്. അതിന്റെ കണക്കും പുറത്തുവിടണം.
2019 ജൂണില്‍ അടുത്ത ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ കണക്ക് വിവാദം ഉണ്ടാവുന്നത് വരേയും കമ്മിറ്റിയില്‍ അവതരിപ്പിച്ച് പ്രസിദ്ധീകരിക്കാതിരുന്നത് എന്ത് കാരണം കൊണ്ടാണെന്നും നേതാക്കള്‍ വ്യക്തമാക്കണം.
പള്ളികളില്‍ നിന്ന് പിരിച്ചെടുത്ത പണത്തിന്റെ കണക്ക് സമുദായത്തിനേയും പൊതുസമൂഹത്തിനേയും ബോധ്യപ്പെടുത്തണമെന്നും യൂസഫ് പറഞ്ഞു.