കോഴിക്കോട് : പതിവായി വീട്ടിലെത്തി ഭക്ഷണം കഴിച്ചിരുന്ന നാല് പൂച്ചകളെ അയല്‍വാസി കൊലപ്പെടുത്തിയെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍കോളജ് പോലീസ് പരിധിയിലെ മുണ്ടിക്കല്‍താഴം സ്വദേശിയായ യുവതിയാണ് ഇത് സംബന്ധിച്ച എസ്ഐ ധനഞ്ജയദാസിന് പരാതി നല്‍കിയത്.
തുടര്‍ന്ന് പോലീസ് ഐപിസി വകുപ്പും മറ്റു വകുപ്പുകളും മൃഗസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള വകുപ്പും ചേര്‍ത്ത് കേസെടുക്കുകയായിരുന്നു.
രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. നാലു പൂച്ചകള്‍ പതിവായി യുവതിയുടെ വീട്ടിലെത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട്.
പൂച്ചകള്‍ ശല്യമാണെന്ന് പറഞ്ഞ് അയല്‍വാസി രംഗത്തെത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് യുവതിയോട് പൂച്ചകളെ കൊല്ലുമെന്ന് പറയുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നാല് പൂച്ചകളും ചത്തുകിടക്കുന്നതായി കണ്ടത്. വിഷം നല്കി കൊന്നതാണെന്നാണ് യുവതി സംശയിക്കുന്നത്.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചത്ത പൂച്ചകളെ ഇവര്‍ ഐസിലിട്ട് ഫ്രീസ് ചെയ്ത് വച്ചിരിക്കുകയാണ്. പരാതി ലഭിച്ച പോലീസ് മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
പൂച്ചകളുടെ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാണ് പോലീസ് മൃഗസംരക്ഷണവകുപ്പിനോട് ആവശ്യപ്പെട്ടത്. ഇതിന്റെ നടപടി ക്രമങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കും. പോസ്്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് സ്ഥിരീകരിക്കാനാവുകയുളളൂ.