കണ്ണൂർ: യാത്രക്കാരനെന്ന വ്യാജേന തീവണ്ടികളിൽ സഞ്ചരിക്കുകയും യാത്രക്കാരെ അതിസമർഥമായി കൊള്ളയടിക്കുകയും ചെയ്യുന്ന മോഷ്ടാവ് അറസ്റ്റിൽ.
മട്ടന്നൂർ ചാവശേരി സ്വദേശി പി.ടി. മുഹമ്മദ് ഷഹീർ (33) ആണ് അറസ്റ്റിലായത്. ഏറനാട് എക്സ് പ്രസിലെ യാത്രക്കാരനായ കാസർഗോഡ് വിദ്യാനഗർ സ്വദേശി ഡോ. ബി.കെ. മുഹമ്മദ് ബാസിലിന്റെ പണവും മൊബൈൽ ഫോണും കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്.
ഇക്കഴിഞ്ഞ ജനുവരി 31നായിരുന്നു കേസിനാസ്പദമായ സംഭവം. ഡോ. മുഹമ്മദ് ബാസിൽ കോഴിക്കോട് നിന്നും കാസർഗോഡേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കവർച്ചയ്ക്കിരയായത്.
22,000 രൂപയും മൊബൈൽ ഫോണും എടിഎം കാർഡുകളുമായിരുന്നു മോഷണം പോയത്. ട്രെയിൻ തൃക്കരിപ്പൂർ കഴിഞ്ഞപ്പോഴാണ് കവർച്ചയ്ക്ക് ഇരയായ വിവരം ഡോക്ടർ അറിയുന്നത്.
മാഹിക്കും കണ്ണൂരിനുമിടയിൽ വച്ചാണ് കവർച്ച നടന്നതെന്ന ഡോക്ടറുടെ പരാതിയിൽ റെയിൽവേ പോലീസും ആർപിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും.
റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപോലീസ് ഏതാനും പേരെ സംശയിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിനു പിന്നിൽ മുഹമ്മദ് ഷഹീറാണെന്ന് കണ്ടെത്തിയത്.
തുടർന്ന് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കവർച്ച നടത്തിയ ദിവസം മാഹിയിൽ ട്രെയിനിൽ കയറിയ ആർക്കും സംശയമില്ലാത്ത വിധം മോഷണം നടത്തി കണ്ണൂരിൽ ഇറങ്ങുകയായിരുന്നു.
ട്രെയിനിലെ കോച്ചുകളിൽ സഞ്ചരിച്ച് ഇരയെ കണ്ടെത്തി അതിസമർഥമായി കൊള്ളയടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് റെയിൽവേ പോലീസ് എസ്ഐ നളിനാക്ഷൻ പറഞ്ഞു.
റെയിൽവേ പോലീസ് എസ്ഐ. മാരായ വി.വി. രാമചന്ദ്രൻ, രഞ്ജിത്, എഎസ്ഐ. അക്ബർ, ആർപി എഫിലെ ബിനീഷ്, അബ്ബാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.