നവാസ് മേത്തർ
തലശേരി: നിർമാണത്തിനിടയിൽ പാലം തകർന്നു വീണും പൂർത്തിയാക്കിയ പാലങ്ങൾ പൊളിച്ച് നീക്കിയും വടക്കേ മലബാറിന്റെ സ്വപ്ന പദ്ധതിയായ തലശേരി – മാഹി ബൈപാസ് നിർമാണം മുന്നോട്ട്.
നാല് പതിറ്റാണ്ടു കാലമായി ജനങ്ങളുടെ സ്വപ്നമായിരുന്ന ഈ പദ്ധതി നിർമാണ കമ്പനിയുടെ കടുത്ത അനാസ്ഥ കാരണം പ്രതിസന്ധിയിലാകുകയാണ്. ബൈപ്പാസ് നിർമാണ കമ്പനി തന്നെ പ്രവൃത്തി നടത്തുന്ന തലശേരി-വളവുപാറ റോഡിലെ ഇരിട്ടി പാലം നിർമാണത്തിനിടയിൽ തകർന്നിരുന്നു.
ഈ പദ്ധതിക്കു പിന്നാലെയാണ് ബൈപ്പാസ് നിർമാണവും അതേ കമ്പനിക്ക് തന്നെ ലഭിച്ചത്. എന്നാൽ ബൈപ്പാസിനായി നിർമിച്ച പാലങ്ങൾ തകർന്നും നിർമാണം പൂർത്തിയാക്കിയ പാലം നിർമാണത്തിലെ അപാകത കൊണ്ട് പൊളിച്ച നീക്കേണ്ടി വരികയും ചെയ്യുന്ന തലശേരി–മാഹി ബൈപാസ് പദ്ധതി ചോദ്യചിഹ്നമായി മാറുകയാണ്.
കഴിഞ്ഞ ഓഗസ്റ്റിലാണ് വടക്കുമ്പാട് നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നു വീണത്. വൻ ദുരന്തമാണ് അന്ന് തലനാരിഴക്ക് ഒഴിവായത്.
രാഷ്ട്രീയക്കാരെല്ലാം പറന്നെത്തുകയും നിർമ്മാണത്തിലെ അപാകതക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. എന്നാൽ പ്രതിപക്ഷ നേതാവുൾപ്പെടെ നേരിട്ടെത്തിയ പ്രതിഷേധങ്ങൾക്കെല്ലാം അല്പായുസേ ഉണ്ടായിരുന്നുള്ളൂ.
പ്രതിഷേധങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടായിട്ടും നിർമാണ കമ്പനിയെ തൊടാൻ ഒരു സംവിധാനത്തിനും സാധിച്ചില്ല എന്നതാണ് ജനങ്ങളെ അമ്പരപ്പിക്കുന്നത്.
വടക്കുമ്പാട് പാലം തകർന്നു വീണതിനു പിന്നാലെ പദ്ധതി പ്രദേശത്ത് ഒരു വർഷം മുമ്പ് നിർമ്മിച്ച പാറാൽ പാലം ഇപ്പോൾ പൊളിച്ചു നീക്കാൻ ഉത്തരവായിരിക്കുകയാണ്.
തലശേരി – നാദാപുരം റൂട്ടിൽ പാറാലിൽ 12 മീറ്റർ വീതിയിൽ നിർമിച്ചിട്ടുള്ള പാലമാണ് സുരക്ഷിതമല്ലെന്ന വിദഗ്ധരുടെ റിപ്പോർട്ടിനെ തുടർന്ന് പൊളിച്ചു നീക്കുന്നത്.
ഒരു കോടി രൂപ ചിലവിൽ നിർമ്മിച്ച ഈ പാലം വീണ്ടും പൊളിച്ചു പണിയുമ്പോൾ അതിനേക്കാൾ കൂടുതൽ തുക ചിലവാകുകയും ചെയ്യും. പാറാൽ പാലത്തിന്റെ നിർമാണ പ്രവൃത്തി നടക്കുമ്പോൾ അധികൃതർ പരിശോധന നടത്തിയില്ലേയെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
ബൈപ്പാസിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ പാലത്തിന്റെ ഗർഡറുകളാണ് ഓഗസ്റ്റ് 26 ന് തകർന്നു വീണത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ പാറാൽ പാലവും പൊളിക്കുന്നത്. മുഴപ്പിലങ്ങാട് മുതൽ മാഹി അഴിയൂർ വരെ 18 കിലോമീറ്ററിലാണ് ബൈപ്പാസ് നിർമ്മിക്കുന്നത്.
വടക്കുമ്പാട് പാലം തകർന്നപ്പോൾ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിജിലൻസ് കമീഷണർക്ക് പരാതി നൽകുമെന്നും കോൺഗ്രസ് എംപിമാർ പാർലമെന്റിലും വിഷയം ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് സംഭവ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.
ഈ പരാതി എന്തായി എന്നാണ് നാട്ടുകാരുടെ ചോദ്യം. എംപിമാരായ കെ സുധാകരൻ, കെ മുരളീധരൻ, എം കെ രാഘവൻ എന്നിവരും പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും എംഎൽഎമാരും വടക്കുമ്പാട് പാലം തകർന്ന സ്ഥലത്ത് എത്തി പ്രതിഷേധിച്ചിരുന്നു.
കരാറുകാരായ ജിഎച്ച്വി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇ കെ കെ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്കെതിരെ ദേശീയപാത അതോറിറ്റി നടപടി സ്വീകരക്കുമെന്ന് അധികൃതർ അന്ന് ആവർത്തിച്ച് പറയുകയും ചെയ്തിരുന്നു. എന്നാൽ നടപടികൾ തടയാൻ ചില ഉന്നതർ ദില്ലിയിൽ ക്യാമ്പ് ചെയ്ത് നീക്കം നടത്തിയതായും റിപ്പോർട്ടുണ്ട്.