പാലക്കാട്:ആറുവയസുകാരനായ മകനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പരപ്രേരണയില്ലെന്ന നിഗമനത്തിൽ പോലീസ്. അന്ധവിശ്വാസത്തെത്തുടർന്നുള്ള കൊലപാതകമാണ് ഇതെന്നാണ് വ്യക്തമാകുന്നതെന്ന് കേസന്വേഷണത്തിനു നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
ദൈവപ്രീതിക്കായി ബലി നല്കിയെന്നാണ് മാതാവ് ഷഹീദ പോലീസിനോട് പറഞ്ഞത്. എങ്കിലും ഇക്കാര്യം വളരെ വിശദമായി അന്വേഷിക്കാനാണ് പോലീസ് തീരുമാനം.പ്രാർഥനയ്ക്കിടെ ലഭിച്ച ഉൾവിളിയെ തുടർന്നായിരുന്നു കുറ്റകൃത്യം നടത്തിയത്. കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.
വളരെ ശാന്തസ്വഭാവക്കാരിയാണ് ഷഹീദയെന്നാണ് കുടുംബാംഗങ്ങളും അയൽവാസികളും പോലീസിനോട് പറഞ്ഞത്. മാനസിക പ്രശ്നം ഷഹീദയ്ക്കുള്ളതായി പ്രാഥമികമായി പോലീസിന് ബോധ്യപ്പെട്ടിട്ടില്ല.
എങ്കിലും ഈ വഴിക്ക് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. കൃത്യം നടപ്പാക്കാനുള്ള എളുപ്പത്തിനു വേണ്ടിയാകാം ആറുവയസുകാരനായ മകനെ തെരഞ്ഞെടുത്തത്. ഇതിനായി വ്യക്തമായി കാര്യങ്ങൾ ആസൂത്രണം ചെയ്തിരുന്നതും പോലീസ് പ്രത്യേകം ശ്രദ്ധ നല്കി അന്വേഷിക്കുന്നുണ്ട്.
പുതിയ കറിക്കത്തി ഭർത്താവിനെ കൊണ്ട് വാങ്ങിപ്പിച്ചതും ജനമൈത്രി പോലീസിന്റെ അടിയന്തിര ആവശ്യങ്ങൾക്കുള്ള നന്പറായ 112 അയൽവാസികളോട് അന്വേഷിച്ച് സംഘടിപ്പിച്ചുവച്ചതുമൊക്കെ കൃത്യം നേരത്തെ ആസൂത്രണം ചെയ്തതിനു തെളിവായി പോലീസ് ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ പുലർച്ചെയാണ് തന്റെ മൂന്നുമക്കളിൽ ഇളയവനായ ആമിൽ ഇഹ്സാനെ കുളിമുറിയിൽ കറിക്കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊന്നത്. മൂന്നു മാസം ഗർഭിണിയാണ് ഷഹീദ. ഇവർ പൂളക്കാട് മദ്രസയിലെ അധ്യാപികയായിരുന്നു.
നാടിനേയും പോലീസിനെത്തന്നെയും ഞെട്ടിച്ച കൊലപാതകത്തിലെ ദുരൂഹതകൾ പൂർണമായി പുറത്തുകൊണ്ടുവരാനുള്ള സമഗ്ര അന്വേഷണമാണ് പോലീസ് നടത്തുന്നത്. ചിറ്റൂർ ഇൻസ്പെക്ടർ ബി. ബിനു, മലന്പുഴ ഇൻസ്പെക്ടർ ബി.കെ സുനിൽകൃഷ്ണൻ എന്നിവർക്കാണ് കേസിന്റെ അന്വേഷണചുമതല.