കോട്ടയം: അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പിനു എത്തിച്ചപ്പോഴും കൂസലില്ലാതെ മകന്റെ പ്രതികരണം. ആക്രമിച്ച സംഭവം പോലീസിനു മുന്നില്‍ കാണിച്ചും കുറ്റസമ്മതം നടത്തിയും പ്രതി.
മകന്റെ വെട്ടേറ്റ് മാതാവ് മരിച്ച സംഭവത്തില്‍ പ്രതിയായ ബിജുവിനെ (52) ഇന്നലെ രാവിലെ പത്തോടെയാണ് തെളിവെടുപ്പിനു പതിനാറില്‍ച്ചിറയില്‍ കാര്‍ത്തിക ഭവനില്‍ കൊണ്ടുവന്നത്. മാതാവ് സുജാതയെ കൊലപ്പെടുത്തിയ ശേഷം പിതാവ് തമ്പിയെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതാണ് കേസ്.
സ്വത്ത് വീതം വയ്ക്കുന്നതു സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറയുന്നു. ശനിയാഴ്ച രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.ബിജുവിന്റെ മാതാവ് സുശീലയുടെ പേരിലായിരുന്നു സ്വത്ത്. സ്വത്ത് തന്റെ പേരിലേക്കു മാറ്റണമെന്നു ബിജു ആവശ്യപ്പെട്ടിരുന്നു.
മാതാവ് ഇതിനു തയാറായില്ല. ഇതിനിടെ പിതാവിനു മറ്റൊരു ബന്ധമുണ്ടെന്ന സംശയം ബിജു ഉയര്‍ത്തി. ഇതേപ്പറ്റി പിതാവിനോടു ചോദിക്കുമെന്നു മാതാവ് അറിയിച്ചതാണ് സംഭവ ദിവസം ബിജുവും മാതാവും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചത്.
അക്രമാസക്തനായ ബിജു വീടിനുള്ളിലിരുന്ന കത്തി എടുത്ത് മാതാവിനെ വെട്ടുകയായിരുന്നു. സുശീലയുടെ കൈയ്ക്കാണ് വെട്ടേറ്റത്. ഈ സമയം പിതാവ് തമ്പി അവിടെയുണ്ടായിരുന്നില്ല. കൈയിലേറ്റ മുറിവ് തുണി ഉപയോഗിച്ച് സുശീല സ്വയം വച്ചുകെട്ടി. മുറിവില്‍ നിന്നു രക്തം വാര്‍ന്ന് ഒഴുകിയാണ് സുശീല മരിച്ചതെന്നു പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു.
സമീപ വീട്ടില്‍ വിവാഹ സല്ക്കാരത്തിനു പോയി മടങ്ങിയെത്തിയ പിതാവ് തമ്പി വീട്ടിനുള്ളില്‍ ചോര വാര്‍ന്ന നിലയില്‍ വീണു കിടന്ന സുശീലയെയാണ് കണ്ടത്. ഇതേപ്പറ്റി മകനോട് ചോദിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
തമ്പിയെ കൊലപ്പെടുത്താന്‍ ചുറ്റികയുമായി ബിജു പിന്നാലെ ഓടിയതോടെ സംഭവം കണ്ടെത്തിയ സമീപവാസിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാര്‍ കോട്ടയം വെസ്റ്റ് പോലീസിലും വിവരം അറിയിച്ചു. സംഭവത്തിനു ശേഷം വീട്ടിലെ മുറിക്കുള്ളില്‍ കയറി ആത്മഹത്യ ചെയ്യാനും ബിജു ശ്രമിച്ചിരുന്നു.
രണ്ടു തവണ തൂങ്ങി മരിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടു തവണയും കുരുക്ക് പൊട്ടി ഇയാള്‍ നിലത്ത് വീഴുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ബിജുവിന്റെ മുറിയുടെ വാതില്‍ പൊളിച്ച് അകത്തു കടന്നാണ് ഇയാളെ പിടികൂടിയത്. ഇന്നലെ തിരുവാതുക്കലിലും ഇല്ലിക്കലും അടക്കമുളള സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുത്തു.
വെട്ടാന്‍ ഉപയോഗിച്ച കത്തിയും തമ്പിയെ അക്രമിച്ച ചുറ്റികയും പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി. പരിക്കേറ്റു ചികിത്സയിലായിരുന്ന തമ്പിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇന്നലെ വീട്ടിലേക്കു മാറ്റി. ഇന്നു പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം സുശീലയുടെ മൃതദേഹം സംസ്കരിക്കും.