രാജ്യസഭയില്‍ നിന്നുള്ള വിരമിക്കല്‍ പ്രസംഗത്തില്‍ വികാരാധീനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദ്.
പാക്കിസ്ഥാനില്‍ പോകാത്ത ഭാഗ്യവാന്മാരില്‍ ഒരാളാണ് താനെന്നും പാക്കിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് വായിക്കുമ്പോള്‍ ഒരു ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും രാജ്യസഭയില്‍ തനിക്കു ലഭിച്ച യാത്രയയപ്പിന്റെ മറുപടി പ്രസംഗത്തില്‍ ഗുലാം നബി പറഞ്ഞു.
സഭ എങ്ങനെ കൊണ്ടുപോകണമെന്ന താന്‍ പഠിച്ചത് വാജ്പേയില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു’അടല്‍ജിയില്‍ നിന്ന് ഞാനൊരുപാട് പഠിച്ചിട്ടുണ്ട്. കുരുക്കെങ്ങനെ അഴിക്കണമെന്നും സഭ എങ്ങനെ കൊണ്ടു നടക്കണമെന്നും’ , ഗുലാം നബി ആസാദ് പറഞ്ഞു.
രാജ്യസഭയില്‍ നിന്നുള്ള വിരമിക്കല്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗുലാം നബി ആസാദ് നന്ദി പറഞ്ഞു. വ്യക്തിപരമായി തനിക്കെതിരേ രാജ്യസഭയില്‍ ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിട്ടില്ലെന്ന് ഗുലാം നബി പറഞ്ഞു.
‘ഞങ്ങള്‍ തമ്മില്‍ വാഗ്വാദങ്ങള്‍ നടന്ന സമയമുണ്ടായിരുന്നു. പക്ഷെ എന്റെ വാക്കുകളെ നിങ്ങള്‍ വ്യക്തിപരമായെടുത്തില്ല’, ഗുലാം നബി ആസാദ് മോദിയെ പരാമര്‍ശിച്ചു സംസാരിച്ചു. രാജ്യസഭയില്‍ ഗുലാം നബി ആസാദിന് യാത്രയയപ്പ് നല്‍കിയുള്ള സംസാരത്തില്‍ പ്രധാനമന്ത്രി വിതുമ്പിയിരുന്നു.
ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ളവര്‍ കശ്മീരില്‍ കുടുങ്ങിയപ്പോള്‍ ആസാദും പ്രണബ് മുഖര്‍ജിയും നടത്തിയ ശ്രമങ്ങളെ താന്‍ ഒരിക്കലും മറക്കില്ലെന്ന് മോദി പറഞ്ഞു. ‘ആ രാത്രി ഗുലാംനബി എന്നെ വിളിച്ചു…’പ്രസംഗത്തിനിടെ പ്രധാനമന്ത്രി വിതുമ്പി.
മോദി ഗുജറാത്തിലേയും ഗുലാംനബി ആസാദ് ജമ്മുകശ്മീരിന്റേയും മുഖ്യമന്ത്രിയായിരുന്ന കാലത്തെ സംഭവം ഓര്‍ത്തുകൊണ്ടാണ് പ്രധാനമന്ത്രി വികാരാധീതനായത്.