തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിനിടയിൽ ലയ എന്ന ഉദ്യോഗാർഥി പൊട്ടിക്കരയുന്ന ദൃശ്യം വാർത്താ പ്രാധാന്യം നേടിയിരുന്നു.
സമരം നടത്തുന്ന ഉദ്യോഗാർഥികളിൽ ചിലർ ശരീരത്തെ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതിനെത്തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയപ്പോഴാണ് ലയ കൂട്ടുകാരിയുടെ തോളിൽ തല ചായ്ച്ച് പൊട്ടിക്കരഞ്ഞത്.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് ലയയ്ക്ക് നേരിടേണ്ടി വന്നത്. ലയ നാടകം കളിക്കുന്നുവെന്നാരോപിച്ചായിരുന്നു കൂടുതൽ സൈബർ ആക്രമണങ്ങളും നടന്നത്. എന്നാൽ തന്റെ കണ്ണീർ നാടകമായിരുന്നില്ലെന്ന് ലയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
തന്റെ കണ്ണീർ നാടകമോ തട്ടിപ്പോ ആയിരുന്നില്ല. ഒരു ജോലിയില്ലാതെ ജീവിക്കാനാവാത്ത സ്ഥിതിയാണുള്ളത്. തന്റെ കഷ്ടപ്പാടിനെക്കുറിച്ച് നാട്ടിലുള്ള സിപിഎമ്മുകാർക്ക് അറിയാം.
തൃശൂരിൽ നിന്ന് തിരുവനന്തപുരത്തു വന്ന് എന്തിന് നാടകം കളിക്കണം- ലയ മാധ്യമങ്ങളോട് പറഞ്ഞു. വിജയം വരെ സമരം തുടരാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.