പാലക്കാട്: ആറുവയസുകാരനെ മാതാവ് കഴുത്തറത്തു കൊന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ പോലീസ് മേധാവിയ്ക്കും ശിശുസംരക്ഷണ ഓഫീസർക്കും ശിശുക്ഷേമ സമിതിയ്ക്കും നിർദേശം നല്കിയിരിക്കുന്നത്. കമ്മീഷൻ അംഗം സി. വിജയകുമാർ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.
പൂളക്കാട് സ്വദേശി സുലൈമാന്റെ മകൻ ആമിൽ ഇഹ്സാൻ ആണ് മരണപ്പെട്ടത്. റിമാൻഡിലായ അമ്മ ഷഹീദയെ(32) കണ്ണൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം അമ്മ തന്നെയാണ് പോലീസിൽ വിവരമറിയിച്ചത്.
ദൈവപ്രീതിയ്ക്കായി മകനെ ബലി നല്കിയെന്ന അമ്മയുടെ വിശദീകരണത്തിൽ ഉൗന്നിയാണ് പോലീസ് അന്വേഷണം. മതതീവ്രവാദ സംഘടനകൾക്കോ മറ്റോ സംഭവത്തിൽ എന്തെങ്കിലും പ്രേരണ ഉണ്ടോ എന്നും അന്വേഷിക്കും.
ഷഹീദയുടെ ഫോണ് വിശദമായി പരിശോധിക്കും. വിവിധ വാട്സ് അപ്പ് ഗ്രൂപ്പുകളും പരിശോധനയ്ക്ക് വിധേയമാക്കും.
സംഭവത്തിൽ പോലീസ് സാക്ഷിമൊഴികൾ രേഖപ്പെടുത്തി തുടങ്ങി. നിലവിൽ ചിറ്റൂർ പോലീസ് ഇൻസ്പെക്ടർക്കാണ് കേസന്വേഷണ ചുമതല.