മുക്കം: ശരാശരി ആയിരത്തോളം വോട്ടർമാരുള്ള ഒരു വാർഡിൽ കുറച്ച് പേർ കൂട്ടം കൂടിയിരുന്ന് അവർക്കിഷ്ടമുള്ള പദ്ധതികൾ മിനിട്സ് ബുക്കിൽ എഴുതി ചേർത്ത് അര മണിക്കൂർ കൊണ്ട് ചായയും കുടിച്ച് പിരിഞ്ഞിരുന്ന ഗ്രാമസഭകൾ കൊടിയത്തൂരിൽ ഇനി ഓർമ. പുതിയ കാലത്ത് വ്യത്യസ്തമാർന്ന പരിപാടികൾ കൊണ്ട് കൊടിയത്തൂരിലെ ഗ്രാമസഭകളും ശ്രദ്ധേയമാവുകയാണ്.
പഞ്ചായത്തിലെ മൂന്ന്, 14 വാർഡുകളിൽ കഴിഞ്ഞ ദിവസം നടന്ന ഗ്രാമസഭകൾ ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വ്യത്യസ്തതയാർന്ന പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.
പന്നിക്കോട് ഗവ.എൽപി സ്കൂളിൽ നടന്ന മൂന്നാം വാർഡ് ഗ്രാമസഭയിൽ 300 ൽ പരം ആളുകളാണ് പങ്കെടുത്തത്. ഗ്രാമസഭ അവസാനിക്കുന്നത്ത് വരെ ചടങ്ങുകൾ തത്സസമയ സംപ്രേഷണമായിരുന്നു എന്നതാണ് പ്രത്യേകത. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശിഹാബുദ്ധീൻ മാട്ടു മുറിയുടെ അധ്യക്ഷത വഹിച്ചു.
പന്നിക്കോട് പ്രീമിയർ ലീഗിനായി ഫുട്ബോളുകളും ഗ്രാമസഭയിൽ വിതരണം ചെയ്തു. പതിനാലാം വാർഡ് ഗ്രാമസഭകൾ ആരംഭിച്ചത് തന്നെ കലാപരിപാടികളോടെ ആയിരുന്നു.
ഇത് ഗ്രാമസഭക്കായെത്തിയവർക്കും പുതിയ അനുഭവമായി മാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.ജി സീനത്ത് അധ്യക്ഷത വഹിച്ചു.
വാർഡിലെ ആർആർടി വോളണ്ടിയർമാരെ ആദരിക്കൽ, പാഴ്വസ്തുക്കൾ പ്രകൃതി സൗഹൃദവസ്തുക്കളാക്കി മാറ്റുന്നതിൽ പരിശീലനം, കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് സമ്മാനദാനം, കകകൗശല വസ്തുതുക്കളുടെ പ്രദർശനം എന്നിവയും ഗ്രാമ സഭയുടെ ഭാഗമായി നടന്നു .