തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റി വച്ച ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് നിശാഗന്ധിയിൽ തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.മന്ത്രി എ.കെ. ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സ്പീക്കർ പി .ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും .
മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങൾ തെളിയിച്ചു കൊണ്ടാണ് ചലച്ചിത്രമേളയ്ക്ക് ഇക്കുറി തുടക്കമാകുന്നത്. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ ഴാങ് ലുക് ഗൊദാർദിനു വേണ്ട ി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങും.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഗൊദാർദിനു ചടങ്ങിൽ നേരിട്ട് എത്താൻ കഴിയാത്തതിനാൽ ഓണ്‍ലൈനായി അദ്ദേഹം ആശംസകൾ പങ്കുവയ്ക്കും. എംഎൽഎമാരായ വി.കെ. പ്രശാന്ത്, എം. മുകേഷ്, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണിജോർജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, മുൻ ചെയർമാൻ ടി.കെ .രാജീവ് കുമാർ, വൈസ് ചെയർ പേഴ്സണ്‍ ബീനപോൾ, സെക്രട്ടറി അജോയ് ചന്ദ്രൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
തുടർന്ന് മേളയുടെ ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രം ക്വോവാഡിസ്, ഐഡ? പ്രദർശിപ്പിക്കും.കോവിഡ് മഹാമാരിയിൽ നിന്നുള്ള അതിജീവനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന മേളയുടെ ഉദ് ഘാടന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും റിസർവ് ചെയ്ത ഡെലിഗേറ്റുകൾക്കുമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത് .
നിശാഗന്ധിയും പരിസരവും ഫ്യുമിഗേറ്റ് ചെയ്തിട്ടുണ്ട് . തെർമൽ സ്കാനിംഗ് ഉൾപ്പടെ കർശന കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ചാണ് ഉദ്ഘാടന ചടങ്ങ് നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശേരി എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് ഇക്കുറി രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.