കൊച്ചി: കാലടി സര്‍വകലാശാലയിലെ നിയമന വിവാദത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്കിയ വിശദീകരണം ഇന്നു പരിശോധിക്കും. മലയാളം വിഭാഗം അസി. പ്രഫ. തസ്തികയില്‍ മൂന്നാം റാങ്ക് നേടിയ വി. ഹിക്മത്തുള്ള, സേവ് യൂണിവേഴ്സിറ്റി ഫോറം എന്നിവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വൈസ് ചാന്‍സലര്‍ ധര്‍മരാജ് അടാട്ടില്നിന്ന് കഴിഞ്ഞ ദിവസം വിശദീകരണം തേടിയത്. പരാതിയിൻമേലുള്ള ഗവര്‍ണറുടെ തുടര്‍നടപടികള്‍ എന്താകുമെന്നത് നിര്‍ണായകമാണ്.
റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി. എന്നാല്‍ 2018 ലെ യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിനിതയ്ക്ക് നിയമനം നല്‍കിയതെന്നും ആര്‍ക്ക് വേണ്ടിയും ചട്ടങ്ങളില്‍ തിരുത്തല്‍ വരുത്തുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് സര്‍വകലാശാലയുടെ വാദം.
നിനിതയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും നിനിതയുടെ നിയമനം റദ്ദാക്കില്ലെന്നും കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ധര്‍മരാജ് അടാട്ട് വ്യക്തമാക്കിയിരുന്നു.ഇതിനു പിന്നാലെ ഗവര്‍ണര്‍ക്ക് പരാതി നല്കിയ ഭാഷാവിദഗ്ധരില് ഒരാള്‍ ഇന്നലെ പിന്‍വാങ്ങിയിരുന്നു.
ഡോ. പി. പവിത്രനാണ് പരാതി പിന്‍വലിച്ചത്. ഇക്കാര്യം അറിയിച്ച് അദ്ദേഹം സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഇ മെയില്‍ സന്ദേശം അയയ്ക്കുകയായിരുന്നു. റാങ്ക് പട്ടിക തയാറാക്കുന്നത് ഭാഷാവിദഗ്ധരാണെന്ന് തെറ്റിധരിച്ചാണ് പരാതി നല്‍കിയതെന്നാണ് പവിത്രന്റെ വിശദീകരണം.
ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ വിവാദത്തില്‍ താല്പര്യമില്ലെന്നും തെറ്റ് വ്യക്തമായ സാഹചര്യത്തിലാണ് തിരുത്തുന്നതെന്നും അദേഹം വ്യക്തമാക്കി. പവിത്രന് പിന്നാലെ നിയമനവുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന ഭാഷാവിദഗ്ധരായ ഉമര്‍ തറമേല്‍, ഡോ. കെ.എം. ഭരതന് എന്നിവരാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.