കോട്ടയം: കോവിഡ് ബാധിതരുമായി അടുത്തു സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ കോവിഡ് പരിശോധന കര്‍ക്കശമാക്കാന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര മെഡിക്കല്‍ സംഘം നിര്‍ദേശിച്ചു.
ഓഫീസുകളിലോ കടകളിലോ വീടുകളിലോ ഒരാളോ ഒന്നിലേറെപ്പേരോ കോവിഡ് ബാധിതരായാല്‍ മാസ്ക് ധരിക്കാതെ സമ്പര്‍ക്കം പുലര്‍ത്തിയവരും അര മണിക്കൂറിലേറെ തൊട്ടടുത്ത് ഇരുന്നവരും ടെസ്റ്റിന് വിധേയമാകണം. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഏഴു ദിവസം വരെ ജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദ്ര സംഘത്തിന്റെ നിര്‍ദേശം.
രോഗിയുമായി സ്പര്‍ശനം, തൊട്ടടുത്ത് സംസാരം തുടങ്ങിയ സമ്പര്‍ക്കമുണ്ടായവര്‍ ഒരാഴ്ച ക്വാറന്റൈനില്‍ കഴിയുന്നതാണ് സുരക്ഷിതം. ദിവസം അയ്യായിരം പേര്‍ക്ക് ജില്ലയില്‍ കോവിഡ് പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്ത് അഞ്ചില്‍ താഴെ സ്ഥാനത്താണ് ജില്ലയിലെ വ്യാപന നിരക്ക്.
നിലവില്‍ കല്യാണം, മത ചടങ്ങുകള്‍, ഷോപ്പിംഗ് എന്നിവയില്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തതാണ് രോഗവ്യാപനം കൂടാന്‍ സാഹചര്യമായത്. 100 പേരില്‍ കൂടുതല്‍ ഒരു ചടങ്ങിലും ഒരുമിച്ചുകൂടാന്‍ അനുമതിയില്ല.