പത്തനംതിട്ട: തിരുവല്ല നിയമസഭ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു തന്നെ അവകാശപ്പെട്ടതാണെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ് വ്യക്തമാക്കിയതോടെ റാന്നിയുമായുള്ള വച്ചുമാറ്റത്തിനുള്ള സാധ്യത അടഞ്ഞു. വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ് മത്സരിച്ചുവരുന്ന തിരുവല്ലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന പരാജയം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്നാവശ്യം ചില യുഡിഎഫ് നേതാക്കള്‍ മുന്നോട്ടുവച്ചിരുന്നു.
പകരം കോണ്‍ഗ്രസ് മത്സരിച്ചുവരുന്ന റാന്നി കേരള കോണ്‍ഗ്രസിനു നല്‍കാമെന്നും നിര്‍ദേശമുണ്ടായി.എന്നാല്‍ തിരുവല്ല വിട്ടുകൊടുക്കുന്നതിനോടു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു താത്പര്യമില്ല. റാന്നിയേക്കാള്‍ സുരക്ഷിത മണ്ഡലം തിരുവല്ലയാണെന്ന് ജോസഫ് വിഭാഗം കരുതുന്നു. നിലവിലെ സാഹചര്യം അനുകൂലമായതിനാല്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
ഇതിനായി പാര്‍ട്ടിതലത്തില്‍ ചില സര്‍വേകളും പൂര്‍ത്തീകരിച്ചു.മാമ്മന്‍ മത്തായി പ്രതിനിധീകരിച്ചുവന്നിരുന്ന മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മരണത്തോടെ ഭാര്യ എലിസബത്ത് മാമ്മന്‍ മത്തായി ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. പിന്നീട് 2006, 2011, 2016 തെരഞ്ഞെടുപ്പുകളില്‍ ജനതാദളിലെ മാത്യു ടി.തോമസിനോടു കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു.
കേരള കോണ്‍ഗ്രസ് എമ്മിലെ പടലപിണക്കങ്ങളും കാലുവാരലും കഴിഞ്ഞതവണ ബിജെപി, ബിഡിജെഎസ് സഖ്യം ഉയര്‍ത്തിയ വെല്ലുവിളിയുമാണ് പരാജയകാരണമായി വിലയിരുത്തപ്പെട്ടത്. ലോക്സഭ തെരഞ്ഞെടുപ്പിലും കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലുമെല്ലാം മോശമല്ലാത്ത പ്രകടനമാണ് യുഡിഎഫിനുണ്ടായത്.
സീറ്റ് ഏറ്റെടുക്കണമെന്ന്
എന്നാല്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ഏറ്റെടുക്കണമെന്ന നിര്‍ദേശം ഡിസിസി യോഗത്തില്‍ അടക്കം ഉണ്ടായതാണ്. കോണ്‍ഗ്രസ് നേതാവ് പ്രഫ.പി.ജെ. കുര്യന് ഈ ആവശ്യം പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. കുര്യനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ തിരുവല്ലയിലെ സ്ഥാനാര്‍ഥി പട്ടികയിലുള്ളതായും പ്രചാരണമുണ്ടായി. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗത്തിനു തിരുവല്ല സീറ്റ് ലഭിക്കില്ല.
ജനതാദളിന്റെ സിറ്റിംഗ് സീറ്റില്‍ സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി.തോമസ് തന്നെയാകും സ്ഥാനാര്‍ഥിയെന്നാണ് സൂചന. ജോസഫ് വിഭാഗത്തില്‍ നിന്ന് മുന്‍ എംഎല്‍എ ജോസഫ് എം.പുതുശേരി, ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് മാമ്മന്‍, ഉന്നതാധികാരസമിതിയംഗം കുഞ്ഞുകോശി പോള്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇവരില്‍ വിക്ടര്‍ ടി.തോമസ് രണ്ടുതവണയും ജോസഫ് എം.പുതുശേരി രണ്ടുതവണയും തിരുവല്ലയില്‍ മത്സരിച്ചിരുന്നു.
യുഡിഎഫില്‍ തിരുവല്ല, റാന്നി മണ്ഡലങ്ങള്‍ വച്ചുമാറേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഇന്നലെ പത്തനംതിട്ടയിലെത്തിയ പി.ജെ. ജോസഫ് വ്യക്തമാക്കി. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് തിരുവല്ലയില്‍ കരുത്ത് തെളിയിച്ചതാണ്.
മുന്‍ നഗരസഭ ചെയര്മാന് ജോസ് കെ. മാണി വിഭാഗം ജനറല്‍ സെക്രട്ടറി ചെറിയാന് പോളച്ചിറയ്ക്കല്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയോടു പരാജയപ്പെട്ടതുതന്നെ ഉദാഹരണമാണ്. ജയസാധ്യതയായിരിക്കും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രധാന ഘടകമായി പരിഗണിക്കുകയെന്നും ജോസഫ് പറഞ്ഞു.
യുഡിഎഫ് വന്‍ജയം നേടും: ജോസഫ്
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് വന്‍വിജയം നേടുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് പറഞ്ഞു. സീറ്റു ചര്‍ച്ചയെല്ലാം രമ്യമായി തീര്‍ക്കും. കേരള കോണ്‍ഗ്രസ് ജോസഫ് 12 സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞതവണ മത്സരിച്ച ആലത്തൂരും തളിപ്പറമ്പും ഇത്തവണ കോണ്‍ഗ്രസിനു വിട്ടുനല്‍കും.
പാലായില്‍ മാണി സി. കാപ്പന് സ്ഥാനാര്ഥിയാകുമെങ്കില് ആ സീറ്റും നല്‍കും. പിന്നീടുള്ള 12 സീറ്റുകള്‍ കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് മത്സരിച്ചവയാണ്. അതു പാര്‍ട്ടിക്കു ലഭിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ചര്‍ച്ച നാളെ ഉണ്ടാകുമെന്നും ജോസഫ് പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
പിന്‍വാതില്‍ നിയമനം, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വര്‍ധിപ്പിച്ച ഫീസ് തുടങ്ങിയ വിഷയങ്ങളെല്ലാം യുഡിഎഫിന് അനുകൂലമായ ഘടകമായി മാറും.റാന്നി ഗ്രാമപഞ്ചായത്തില്‍ ബിജെപിയുമായി ചേര്‍ന്ന് കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗത്തിന്റെ മെംബര്‍ പ്രസിഡന്റായി തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് ജോസഫ് ചൂണ്ടിക്കാട്ടി.