വെളുക്കാൻ തേച്ചതു പാണ്ടായി എന്നു കേട്ടിട്ടില്ലേ. വെളുക്കാൻ തേച്ചതു മഞ്ഞയായാലോ? സൗന്ദര്യം സംരക്ഷിക്കാൻ എന്തു പൊടിക്കൈ കണ്ടാലും ഒന്നു പരീക്ഷിക്കാൻ തുനിയുന്നവരാണ് പലരും. പല പരീക്ഷണങ്ങളും ഓണ്‍ലൈനിലെ കുറിപ്പുകളുടെ അടിസ്ഥാനത്തിലുമായിരിക്കും.
ലോറൻ ജെന്നിയെന്ന ടിക് ടോക് താരവും മഞ്ഞൾ ഉപയോഗിച്ച് ഒരു ഫേസ്മാസ്ക് തയാറാക്കി മുഖത്ത് ഇട്ടു.പക്ഷേ, കഴുകിയിട്ടും കഴുകിയിട്ടും മുഖത്തുനിന്നു മഞ്ഞ നിറം പോകുന്നില്ല. ലോറനും ഓണ്‍ലൈനിൽ കണ്ടതാണ് ഈ ഫേസ്മാസ്കിന്റെ കുറിപ്പ്.
മുഖക്കുരുവിനെ അകറ്റാനും മുഖത്തെ പാടുകൾ മായ്ക്കാനും ഈ ഫേസ് മാസ്ക് സഹായകമാകുമെന്ന് കണ്ടതോടെ പരീക്ഷിക്കാമെന്ന തീരുമാനത്തിലെത്തി ജെന്നിയും. അങ്ങനെ അടുക്കളയിലെ ഒരു വിധം സാധനങ്ങളെല്ലാം ചേർത്തു ഫേസ്മാസ്ക് തയാറാക്കി.
കഴിഞ്ഞ മൂന്നാഴ്ചയായി എന്റെ മുഖം വളരെ മോശം അവസ്ഥയിലാണ്. ചർമവും വളരെ മോശമായിരിക്കുന്നു. അതിൽനിന്നെല്ലാം രക്ഷ നേടാനാണ് ഈ ഫേസ് പായ്ക് എന്നൊക്കെ പറഞ്ഞാണ് ലോറൻ മുഖത്തു തേച്ചു പിടിപ്പിച്ചത്. പക്ഷേ, ഫലം മറ്റൊന്നായിരുന്നു.
മാസ്ക് ഇട്ടുകഴിഞ്ഞു നോക്കുന്പോൾ അവളുടെ കൈ മുഴുവൻ മഞ്ഞ നിറം. ഇതു കണ്ടതോടെ മുഖത്തെ മാസ്കും കഴുകി കളഞ്ഞു. ആവർത്തിച്ചാവർത്തിച്ച് ഉരച്ചു കഴുകിയിട്ടും മുഖം മഞ്ഞ നിറത്തിൽ തന്നെ.ഇപ്പോൾ ചന്ദ്രന്റെ ഇമോജി പോലെയാണ് തന്റെ മുഖമെന്നാണ് ലോറൻ പറയുന്നത്. അന്നു രാത്രി അച്ഛനോടൊപ്പം സൂപ്പർ മാർക്കറ്റിൽ പോകാനിരുന്നതാണ് ലോറൻ. ഈ മഞ്ഞ നിറം മാറ്റാൻ എന്തു ചെയ്യുമെന്ന് ഏറെ ആശങ്കപ്പെട്ടു.
ഒടുവിൽ മേക്കപ്പ് വഴി ഇതിൽ നിന്നും രക്ഷ നേടാം എന്നായിരുന്നു അവളുടെ ചിന്ത. പക്ഷേ, ആ ശ്രമവും വിജയിച്ചില്ല. എന്തായാലും ലോറൻജെന്നിയുടെ മുഖവും വീഡിയോയും ഇപ്പോൾ വൈറലാണ്.