തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പൂരത്തിനു വന്ന് ചെണ്ടക്കോൽ കൊണ്ടുപോയതോടെ പൂരവും നിന്നെന്നു സിഎംപി നേതാവ് സി.പി. ജോണ്. ഐശ്വര്യ യാത്രയോടനുബന്ധിച്ചു തെക്കേഗോപുര നടയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുന്പോഴാണ് അദ്ദേഹം ഇത് ഓർമിപ്പിച്ചത്.
പല കാര്യങ്ങളിലും പിണറായി വിജയനെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ടെങ്കിലും താൻ ഇതു വിശ്വസിക്കുന്നില്ല. എന്നാൽ, പൂരത്തിനു സ്ഥിരം പങ്കെടുക്കുന്നയാളെന്ന നിലയിൽ ആളുകൾ ഇതു പറയുന്നതു കേൾക്കുന്പോൾ തള്ളിക്കളയാനുമാകുന്നില്ല.
ഏറ്റവും അവസാനം പൂരം നടന്നപ്പോൾ ഇലഞ്ഞിത്തറ മേള പ്രമാണി പെരുവനം കുട്ടൻമാരാരെ കൊട്ടുന്നതിനിടയിൽ വന്ന് ആദരിച്ചിരുന്നു. തിരിച്ചു പോകുന്പോൾ ചെണ്ടക്കോലും സമ്മാനമായി നൽകിയത്രേ. തൊട്ടതൊക്കെ കുഴപ്പത്തിലാക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നതു സത്യമാണെന്നും സി.പി. ജോണ് പറഞ്ഞു.