പന്തളം: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനു നേതൃത്വം നല്കി പ്രവര്‍ത്തിച്ചിരുന്ന ധര്‍മസംരക്ഷണസമിതി ചെയര്മാന് എസ്. കൃഷ്ണകുമാര്‍ അടക്കമുള്ള ചില ബിജെപി നേതാക്കള്‍ സിപിഎമ്മിലേക്ക്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പന്തളത്തും സമീപ പഞ്ചായത്തുകളിലും ഉടലെടുത്ത തര്‍ക്കങ്ങളുടെ ഭാഗമായാണ് ബിജെപിയില്‍ നിന്നു സിപിഎമ്മിലേക്കുള്ള ചുവടുമാറ്റമെന്ന് പറയുന്നു. ഇവരെ ഇന്ന് വൈകുന്നേരം പന്തളത്തു ചേരുന്ന യോഗത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് സിപിഎമ്മിലേക്കു സ്വീകരിക്കും.
ബിഎംഎസ് മേഖല ജോയിന്റ് സെക്രട്ടറി എം.സി. സദാശിവന്, ബിജെപി മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് എം.ആര്. മനോജ് കുമാര്‍, ബാലഗോകുലം മുന്‍ താലൂക്ക് സെക്രട്ടറി അജയകുമാര്‍ വാളാകോട്ട്, മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് സുരേഷ്, മഹിളാ മോര്‍ച്ച ആറന്മുള നിയോജകമണ്ഡലം സെക്രട്ടറി ശ്രീലത എന്നിവരും സിപിഎമ്മില്‍ ചേരുന്നതായി അറിയിച്ചിട്ടുണ്ട്. ബിജെപി ജില്ലാ പ്രാദേശിക നേതൃത്വങ്ങളുടെ ഗ്രൂപ്പ്കളിയില്‍ മനംനൊന്താണ് രാജിയെന്ന് പാര്‍ട്ടി വിട്ടവര്‍ പറയുന്നു.
നാമജപഘോഷയാത്ര സംഘാടകര്സിപിഎമ്മില് ചേര്‍ന്നിട്ടില്ലെന്ന്
പന്തളം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെ തുടക്കമായി പന്തളത്തു നടന്ന നാമജപ ഘോഷയാത്രയുടെ സംഘാടകരാരും സിപിഎമ്മില്‍ ചേര്‍ന്നിട്ടില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ.
ഇത്തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതരമാണെന്നും അദ്ദേഹം പറഞ്ഞു. നാമജപ ഘോഷയാത്ര നടത്തിയത് ഏതെങ്കിലും വ്യക്തിയുടെ താത്പര്യത്തിലായിരുന്നില്ല. ആരുടെയും വ്യക്തിപരമായ നേട്ടവുമായിരുന്നില്ല. തരംതാഴ്ന്ന രാഷ്്ട്രീയ നിലപാടുകളോടു പന്തളം കൊട്ടാരം ഒരിക്കലും സന്ധി ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.