മനുഷ്യൻ എന്തിനും ഏതിനും ലാഭവും നഷ്ടവും കണക്കുകൂട്ടുന്നവരാണ്. ലാഭം കിട്ടാത്ത ഇടപാടുകൾക്ക് ഇറങ്ങിത്തിരിക്കാൻ പലർക്കും മടിയാണ്. എന്നാൽ, എന്തിനെയും ഏതിനെയും ലാഭക്കണ്ണുകളുമായി സമീപിക്കുന്നവർ ചെഞ്ചു ഗോത്രക്കാരെക്കുറിച്ചു കേൾക്കണം.
അവരുടെ നിഘണ്ടുവിൽ ലാഭം, പണം, സന്പാദ്യം എന്നിങ്ങനെയുള്ള പദങ്ങളൊന്നും ഇല്ലത്രേ. എവിടെങ്കിലും സ്ഥിരമായി താമസിക്കുകയോ സാന്പാദ്യം കൂട്ടിവയ്ക്കുകയോ ചെയ്യുന്ന പരിപാടി ഇവർക്ക് ഇല്ല.ആന്ധ്രപ്രദേശിൽ കാണപ്പെടുന്ന പ്രത്യേക ഗോത്രവിഭാഗമാണ് ചെഞ്ചു ഗോത്രക്കാർ. തമിഴ്നാട്, കർണാടക, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലും ചെഞ്ചു ഗോത്രക്കാരെ കാണാം.
ഭക്ഷ്യവിഭവങ്ങൾ തീരുന്പോൾ അതു ലഭ്യമാകുന്നിടത്തേക്കു മാറി മാറി താമസിക്കുന്ന പ്രകൃതമാണ് ഇവരുടേത്. ചെഞ്ചു വിഭാഗം മറ്റു ഗോത്രവിഭാഗങ്ങളെ അപേക്ഷിച്ച് അല്പം ഉയർന്ന ജാതിക്കാരായാണ് സ്വയം കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ മറ്റ് ഗോത്രവിഭാഗങ്ങളിൽനിന്നു വേറിട്ടു താമസിക്കുന്നതാണ് ഇവരുടെ രീതി.
വേട്ടയാടൽ
പൂർണമായും പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്നവരാണു ചെഞ്ചുകൾ. എന്തു കഴിക്കണമെങ്കിലും കുടിക്കണമെങ്കിലും അതു പ്രകൃതിയിൽനിന്ന് അവർ ശേഖരിക്കും. ഇതോടൊപ്പം നല്ല വേട്ടക്കാരുമാണ്. കുന്തം, അന്പ്, വില്ല് ഇവയൊക്കെ ഉപയോഗിച്ചാണ് വേട്ടയാടൽ.
എത്ര സാഹസികമായും തേൻ ശേഖരിക്കാനും മിടുക്കരാണ്. ഇവരങ്ങനെ വലിയ കൃഷിക്കാരൊന്നുമല്ല, എങ്കിലും പുകയില, ധാന്യം തുടങ്ങിയവയൊക്കെ ചെറിയ രീതിയിൽ അവർ കൃഷിചെയ്യും. പാലിനായി മാത്രം കന്നുകാലികളെ വളർത്താറുണ്ട്. മിക്കവാറും വനമേഖലയിലാണ് താമസം.
പ്രകൃതിജീവിതം
കാലം പുരോഗമിച്ചതോടെ ഈ ഗോത്രക്കാരിലെ പുതുതലമുറ നാട്ടിലേക്കൊക്കെ ഇറങ്ങി ജീവിക്കാൻ മുന്നോട്ടുവരുന്നുണ്ട്. ശരാശരി ഏഴു വീടുകൾ ചേരുന്നതാണ് അവരുടെ ഗ്രാമം എന്നു പറയുന്നത്. ഇവിടെ അവർ പത്തോ പതിനഞ്ചോ വർഷം മാത്രമേ താമസിക്കൂ.
പിന്നീട് അവർ സ്ഥലംമാറിപ്പോകും. പ്രകൃതിയിൽനിന്ന് ശേഖരിച്ച വസ്തുക്കൾ ഉപയോഗിച്ചു കൂട് ആകൃതിയിലുള്ള വീടുകളിലാണ് താമസിക്കുന്നത്. ഇതു നിർമിക്കാൻ അവർക്കു മൂന്നോ നാലോ മണിക്കൂർ മതി.
വിവാഹം കഴിക്കാൻ മറ്റു കുലങ്ങളിലെ പെൺകുട്ടികളെയാണു കണ്ടെത്തുന്നത്. ഒരേ കുലത്തിൽനിന്നു വിവാഹം കഴിക്കില്ല. പുരുഷാധിപത്യമാണ് ഈ ഗോത്രങ്ങളുടെയും അടയാളം.
പുരുഷാധിപത്യം
പുരുഷന്മാർ വേട്ടയാടുന്നു, തേൻ ശേഖരിക്കുന്നു, കൊട്ട ഉണ്ടാക്കുന്നു. സ്ത്രീകൾ ഭക്ഷണം തയാറാക്കുന്നു.പുരുഷാധിപത്യമാണെങ്കിലും ഭാര്യമാരെ ഇവർ തുല്യ അവകാശികളായി കണക്കാക്കുന്നു.ഗോത്രത്തിനുള്ളിൽ, പഴയ തലമുറയും യുവതലമുറയും തമ്മിൽ നിരവധി വ്യത്യാസങ്ങളുണ്ട്.
പഴയ തലമുറ കാര്യമായി വസ്ത്രം ധരിക്കാറില്ല. അതേസമയം, യുവതലമുറയിലെ ആൺകുട്ടികൾ ഷർട്ടും പാന്റും ധരിക്കാൻ ഇഷ്ടപ്പെടുന്നു. പെൺകുട്ടികൾ ഇപ്പോഴും പരമ്പരാഗത സാരികൾ അല്ലെങ്കിൽ പാവാടകളും ബ്ലൗസുകളും ധരിക്കുന്നു. പുരുഷന്മാരും സ്ത്രീകളും നീളമുള്ള മുടി ഉള്ളവരാണ്.
പഴയ തലമുറ ഇപ്പോഴും അവരുടെ മുടി നീളത്തിൽ വളരാൻ അനുവദിക്കുന്നു, എന്നാൽ ചെറുപ്പക്കാർ പലപ്പോഴും മുടി മുറിക്കുന്നു.ചെഞ്ചു ഗോത്രക്കാർ പല ദേവീദേവന്മാരെ ആരാധിക്കുന്നു.
ഭഗവാൻ തരുവിനെ പ്രധാനമായും അവർ ആരാധിക്കുന്നു. കാടിന്റെ ദേവതയായ ഗരേലമയി സാമയെയും അവർ ആരാധിക്കുന്നു. ഏത് അപകടത്തിൽനിന്നു ദേവത അവരെ സംരക്ഷിക്കുമെന്നാണ് വിശ്വാസം. അതേസമയം, മദ്യപാനമാണ് ചെഞ്ചു ഗോത്രക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.