കൊച്ചി: കേരളത്തിലും വിദേശത്തുമായി ഷോ നടത്താമെന്നു പറഞ്ഞു 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും.
പരാതിക്കാരനായ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ്, സണ്ണി ലിയോണിനു പണം കൈമാറിയതിനു കരാര്‍ രേഖയില്ലെന്നു വ്യക്തമായിട്ടുണ്ട്.
പണം നല്കിയതു മറ്റു രണ്ടു പേരാണെന്നാണു നടിയുടെ കൈവശമടക്കമുളള കരാര്‍ രേഖകളിലുള്ളത്. ഇക്കാര്യങ്ങളില്‍ വ്യക്തതയുണ്ടാക്കാനാണു നടിയെ വീണ്ടും ചോദ്യംചെയ്യുന്നത്. പരാതിക്കാരന്റെ മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൊച്ചിയിലെ വിവിധ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അഡ്വാന്‍സ് വാങ്ങിയശേഷം നടി വഞ്ചിച്ചെന്നാണു പരാതി. 2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി സണ്ണി ലിയോണിന്റെ മാനേജര്‍ പണം കൈപ്പറ്റിയെന്നാണ് ഷിയാസ് ഡിജിപിക്കു നല്കിയ പരാതിയില്‍ പറയുന്നത്.
സണ്ണി ലിയോണാണു ഒന്നാം പ്രതി. ഭര്‍ത്താവ് ഡാനിയല്‍ വെബര്‍, ഇവരുടെ കമ്പനിയിലെ ജീവനക്കാരനായ സുനില്‍ രജനി എന്നിവരാണ് മറ്റു പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.