അഞ്ചല്‍ : ആര്‍പിഎല്ലില്‍ നിന്നും വിരമിച്ച തൊഴിലാളി കുടുംബങ്ങള്‍ക്ക് നല്കുന്ന വീടുകളുടെ നിര്‍മ്മാണത്തില്‍ അപാകതയും ക്രമക്കെടുമെന്ന് ആരോപിച്ചു രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും രംഗത്ത്. വീടുകളുടെ നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണം എന്നും ബന്ധപ്പെട്ടവര്‍ വിശേദീകരണം നല്‍കണം എന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.
സ്ഥലത്തെത്തിയ ബിജെപി പ്രവര്‍ത്തകര്‍ വീടുകളുടെ നിര്‍മാണം തടഞ്ഞു. ഇത് ചെറിയരീതിയില്‍ കൈയ്യാങ്കളിയിലും വാക്കേറ്റത്തിലും കലാശിച്ചു. പിന്നീട് പോലീസ് എത്തിയാണ് സ്ഥലത്ത് സംഘര്‍ഷം ഒഴിവാക്കിയത്. തമിഴ് വംശജരായ തൊഴിലാളികളെ പറ്റിക്കുന്ന തരത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തികള്‍ ആണ് ഇവിടെ നടക്കുന്നതെന്നും ഇതില്‍ അന്വേഷണം വേണമെന്നും ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി അരുണ്‍ പറഞ്ഞു.
തൊഴിലാളികള്‍ക്കായുള്ള വീടുകളുടെ നിര്‍മാണ രീതി വിചിത്രമാണെന്ന് പ്ലാന്റേഷന് വര്‍ക്കേഴ്സ് യൂണിയന് ഐഎന്‍ടിയുസി നേതൃത്വം ആരോപിച്ചു. ഗുരുതരമായ ക്രമക്കേടുകളാണ് വീടുകളുടെ നിര്‍മാണത്തില്‍ നടക്കുന്നതെന്ന് ഐഎന്‍ടിയുസി നേതാവ് സാബു എബ്രഹാം ആരോപിച്ചു. ആര്‍പിഎല്ലിലെ എല്ലാ തൊഴിലാളി സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സാബു എബ്രഹാം അറിയിച്ചു.