കോട്ടയം: നഗരസഭ, പഞ്ചായത്ത് സ്ഥാപനങ്ങളുടെ ഷോപ്പിംഗ് കോംപ്ലക്സിലും കെട്ടിടങ്ങളിലും കടമുറികൾ വാടകയ്ക്കെടുത്ത് കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് വാടക കുടിശിക കാരണം ലൈസൻസ് പുതുക്കൽ പ്രതിസന്ധിയിൽ.കോവിഡ് മൂലം മാസങ്ങളോളം കട അടച്ചിട്ടിരിക്കുകയായിരുന്നു.
പിന്നീട് ലോക്ഡൗണ് ഇളവുകൾ വന്നു കടകൾ തുറന്നപ്പോൾ കച്ചവടം ഇല്ലാതാകുകയും ചെയ്തതോടെയാണ് വാടക കുടിശിക അടയ്ക്കാൻ വ്യാപാരികൾക്ക് കഴിയാതെ വന്നത്. ഈ മാസം ലൈസൻസ് പുതുക്കേണ്ടതാണ്. വാടക കുടിശി അടയ്ക്കാത്തവരുടെ ലൈസൻസ് ഒരു കാരണവശാലും പുതുക്കില്ല. കച്ചവട മാന്ദ്യം അനുഭവപ്പെട്ടിട്ടും നഗരസഭ അധികൃതർ ഒരു ഇളവും വ്യാപാരികൾക്ക് അനുവദിക്കുന്നില്ല.
കുടിശികയായ വാടകയ്ക്ക് പലിശയും പിഴപ്പലിയശും അടയ്ക്കണമെന്നാണ് നഗരസഭ, പഞ്ചായത്ത് അധികൃതർ പറയുന്നത്. വൻ തുകയാണ് പലർക്കും പിഴപലിശ ഉൾപ്പെടെ കുടിശിക വന്നിരിക്കുന്നത്. പലിശയും പിഴപലിശയും മാത്രം ആയിരക്കണക്കിനു രൂപയാണ് പലർക്കും വന്നിരിക്കുന്നത്. പലരും സ്വർണവും മറ്റും പണയം വച്ചും പലിശയ്ക്കു പണം കടം വാങ്ങിയും കുടിശിക അടയ്ക്കാൻ ശ്രമിക്കുകയാണ്.
ലൈസൻസ് പുതുക്കിയില്ലെങ്കിൽ കട പൂട്ടാനായി ഉത്തരവ് വരും. അങ്ങനെ വന്നാൽ തങ്ങളുടെ ജീവിത മാർഗം ഇല്ലാതാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. പിന്നീട് ലൈസൻസ് പുതുക്കണമെങ്കിൽ പിഴ ഉൾപ്പെടെ വൻ തുക നൽകേണ്ടതായി വരും. സ്വന്തമായി കെട്ടിടമില്ലാത്തവരും വലിയ തുക സെക്യൂരിറ്റിയായി നൽകാൻ സാധിക്കാത്തവരുമാണ് പഞ്ചായത്തിന്റെയും നഗരസഭയുടെയും കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്തിരിക്കുന്നത്.
വാടകയും മറ്റു നൽകി കഴിഞ്ഞാൽ പലർക്കും തുശ്ചമായ വരുമാനമേയുള്ളൂ. കോവിഡ് കാലത്ത് കച്ചവടം കുറഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ചെറുകിട വ്യാപാരികൾ.വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഡെയ്ഞ്ചറസ് ആൻഡ് ഓഫൻസീവ് ട്രേഡ്സ് ആൻഡ് ഫാക്്ടറീസ് ലൈസൻസ് നിർബന്ധമാണ്.
പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നഗരസഭ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. കുടിശികയുള്ള വ്യാപാരികളുടെ അപേക്ഷ സ്വീകരിക്കണമെന്നാണ് സമിതിയുടെ ആവശ്യം. മൂന്നു മാസത്തെ വാടകയെങ്കിലും പൂർണമായും ഒഴിവാക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.
എല്ലാ മേഖലകൾക്കും സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ വ്യാപാരികളുടെ വാടക കാര്യത്തിൽ പലിശയെങ്കിലും ഒഴിവാക്കി വ്യാപാരികളെ സഹായിക്കണമെന്നും ലൈസൻസ് പുതുക്കുന്നതിനുള്ള സമയ പരിധി നീട്ടു നൽകണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.