ന്യൂഡൽഹി: മുന്നണി മാറ്റത്തിൽ നിലപാട് പരസ്യമാക്കി മാണി സി. കാപ്പൻ. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുന്നതിന് മുൻപ് മുന്നണി മാറ്റത്തിൽ തീരുമാനം പ്രഖ്യാപിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ നേതൃത്വം തന്റെ നിലപാടിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽഡിഎഫിനൊപ്പം തുടരുമെന്ന എ.കെ.ശശീന്ദ്രൻ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹം പാറപോലെ എൽഡിഎഫിൽ ഉറച്ചുനിൽക്കട്ടെ എന്നാണ് കാപ്പൻ പറഞ്ഞത്.
മുന്നണി മാറ്റത്തിൽ അന്തിമ തീരുമാനമെടുക്കാൻ ശശീന്ദ്രന്റെ നിലപാട് കൂടി തേടണമെന്ന് നേരത്തെ ശരത് പവാർ ആവശ്യപ്പെട്ടിരുന്നു.
പ്രഫുൽ പട്ടേൽ വിഷയത്തിൽ കാപ്പനും ശശീന്ദ്രനുമായി വീണ്ടും സംസാരിച്ച ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. ഇക്കാര്യത്തിൽ ദേശീയ നേതൃത്വത്തിലും ആശയക്കുഴപ്പം നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് നിലപാട് പരസ്യമാക്കി കാപ്പൻ തിരിച്ചടിച്ചത്.