കൽപ്പറ്റ: എൽജെഡിക്കുള്ളിൽ വയനാട്ടിൽ നടന്നതു സംസ്ഥാന നേതൃത്വം പ്രതീക്ഷീക്കാത്ത നീക്കം. പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്കമാർ എംപിയുടെ സ്വന്തം തട്ടകമായ വയനാട്ടിൽനിന്നു ജില്ലാ പ്രസിഡന്റ് വി.പി. വർക്കിയടക്കം പ്രമുഖരാണ് എൽജെഡി വിട്ടത്. മാതൃപാർട്ടിയായ ജനതാദൾ സെക്യുലറിൽ ചേർന്നു പ്രവർത്തിക്കാനാണ് ഇവരുടെ തീരുമാനം.
കിസാൻ ജനത ജില്ലാ പ്രസിഡന്റ് കെ.കെ. രവി, സെക്രട്ടറിമാരായ പി.സി. മാത്യു, എം.എം. അഗസ്റ്റിൻ, മുട്ടിൽ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഇ.ഡി. സദാനന്ദൻ എന്നിവരാണ് എൽജെഡി വിട്ട മറ്റു പ്രമുഖർ.
പാർട്ടി ജില്ലാ കമ്മിറ്റി യോഗം ഒന്പതിനു ചേർന്നിരുന്നു. അന്നു ജില്ലാ പ്രസിഡന്റടക്കമുള്ളവർ മാതൃ പാർട്ടിയിലേക്കു തിരിച്ചുപോകുന്നതു സംബന്ധിച്ചു സൂചന നൽകിയിരുന്നില്ല.
അപ്രതീക്ഷിതമായാണ് ജില്ലാ പ്രസിഡന്റടക്കം ചിലർ കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ.ഏബ്രഹാം മാത്യു, വൈസ് പ്രസിഡന്റ് സി.കെ. ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു എൽജെഡി വിടാൻ തീരുമാനിച്ചത്.
സംസ്ഥാനത്തു എൽജെഡി അപ്രസക്തമായ സാഹചര്യത്തിലാണ് മാതൃപാർട്ടിയിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചതെന്നു വി.പി. വർക്കി പറഞ്ഞു.