കളമശേരി: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ നിർമാണം അനിശ്ചിതത്വത്തിലായി.
ഒരു ഭാഗം ഇടിഞ്ഞു വീണതിനെ തുടർന്നു ഒഴിവാക്കിയ കരാറുകാരൻ കോടതിയെ സമീപിച്ചതോടെയാണ് നിർമാണം നിയമക്കുരുക്കിൽ പെട്ടിരിക്കുന്നത്.
ആറ് ലക്ഷം ചതുരശ്രയടി വിസ്തീർണവും എട്ടു നിലകളിൽ 360 കിടക്കളും ഉള്ള കെട്ടിട സമുച്ചയ പദ്ധതിയാണ് അനാസ്ഥ കാരണം അനന്തമായി നീളുന്നത്.
300 ദിവസം കൊണ്ട് കെട്ടിട സമുച്ചയം തീർക്കാമെന്ന നിലവിലെ കരാറുകാരന്റെ നിലപാടിൽ ബന്ധപ്പെട്ട ഏജൻസികൾ എതിർ സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കാൻ കൂടുതൽ സമയം ചോദിച്ചതോടെയാണ് പദ്ധതി നീളുമെന്നുറപ്പായത്.
379 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമാണ ചുമതല ഇൻകെലിനാണ്. ഇവർ കൊടുത്ത ഉപകരാറുകാരനെ ഒഴിവാക്കാനുള്ള ശ്രമമാണ് നിയമക്കുരുക്കിൽ പെട്ടിരിക്കുന്നത്.
300 ദിവസത്തിനുള്ളിൽ കാൻസർ സെന്റർ നിർമാണം പൂർത്തിയാക്കാമെന്ന് നിലവിലെ കരാർ കംപനി ഹൈക്കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഇൻകെൽ മാത്രമേ തയാറായിട്ടുള്ളു. സർക്കാരും കിഫ്ബിയും വീണ്ടും സമയം ചോദിച്ചിരിക്കുകയാണ്.
2019 നവംബർ 25നാണ് മൂന്നാം നിലയിലെ രണ്ടായിരം സ്ക്വയർ ഫീറ്റ് സ്ഥലം ഇടിഞ്ഞു വീണ് അഞ്ച് തൊഴിലാളികൾക്ക് പരിക്കു പറ്റിയത്. തുടർന്ന് നവംബർ 28 ന് കരാര്‍ കമ്പനിയ്ക്ക് സ്റ്റോപ്പ് മെമ്മോ ഇൻകെൽ നൽകി.
എന്നാൽ കൊറോണക്കാലത്തെ ലോക്ക് ഡൗൺ കഴിഞ്ഞ് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ നിർമാണം ഇതേ ഏജൻസി പുനരാരംഭിച്ചു.