ഗുരുവായൂർ: വേദിയിൽ ജാലവിദ്യയിൽ വിസ്മയങ്ങൾ തീർക്കുന്പോൾ തീർഥ എന്ന കൊച്ചുമിടുക്കിയുടെ പരിമിതികൾ സദസ്യരറിഞ്ഞിരുന്നില്ല.
ഒടുവിൽ സമ്മാനം ഏറ്റുവാങ്ങുന്നതിന് വേദിയിലെത്തിയപ്പോഴാണ് പരിമിതികളിൽ പരാതിയും പരിഭവവുമില്ലാതെയാണ് തീർഥ ജാലവിദ്യകൾ അവതരിപ്പിച്ചിരുന്നതെന്ന് അവർ തിരിച്ചറിഞ്ഞത്.
നീലേശ്വരത്ത് നടന്ന ഓൾ കേരള വാഴകുന്നം സ്മാരക മാജിക് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഗുരുവായൂർ സ്വദേശിനി തീർഥയായിരുന്നു ആ മത്സരത്തിലെ ഏറ്റവും ജൂനിയർ. പങ്കെടുത്ത ബാക്കിയെല്ലാവരും മുതിർന്നവരായിരുന്നു.
ഗുരുവായൂർ പെരുന്തട്ട ക്ഷേത്രത്തിനടുത്ത് മണത്തല സുഗണൻ രജിത ദന്പതികളുടെ മകളാണ് തീർഥ. ജൻമനാ സംസാരത്തിനും കേൾവിക്കും പരിമിതിയുള്ള കുട്ടിയാണ് തീർഥ.
ഏങ്ങണ്ടിയൂർ പ്രതിജ്ഞന്റെ ശിക്ഷണത്തിൽ ആംഗ്യഭാഷയിലൂടെയാണ് തീർഥ ഒരു മാസം കൊണ്ട് മാജിക് പഠിച്ചത്. തൃശൂർ അമൃത സ്പീച്ച് ആൻറ് ഹിയറിംഗ് ഇംപ്രൂവ്മെൻറ് സ്കുളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അമൃത. നാലാം ക്ലാസ് വിദ്യാർഥി ശ്രേയസ് സഹോദരനാണ്.