എം.ജെ. ശ്രീജിത്ത്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മുന്നിൽ കണ്ട് 15ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഇതേത്തുടർന്നു മന്ത്രിസഭാ യോഗത്തിനു മുന്നിൽ അജൻഡ കുറിപ്പുകൾ സമർപ്പിക്കേണ്ട വകുപ്പുകളിലെ സെക്ഷനുകൾക്ക് അവധി ദിവസങ്ങളായ 13, 14 തീയതികൾ പ്രവൃത്തി ദിനമാക്കി.
10 വർഷം പൂർത്തിയായ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന നിർദേശം നടപ്പാക്കുന്നതിനു കൂടിയാണ് 15 ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്.
ശാസന, മുന്നറിയിപ്പ്
കഴിഞ്ഞ മന്ത്രി സഭായോഗത്തിൽ പല വകുപ്പുകളിലേയും 10 വർഷം കഴിഞ്ഞ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.
സ്ഥിരപ്പെടുത്തേണ്ടവരുടെ ലിസ്റ്റടക്കമുള്ള വിവരങ്ങൾ കഴിഞ്ഞ കാബിനറ്റിൽ പല കോർപറേഷനുകളും വകുപ്പുകളും നൽകിയിരുന്നില്ല.
സർക്കാർ തീരുമാനം നടപ്പാക്കാൻ തയാറാകാത്ത പല വകുപ്പു മേധാവികൾക്കും മുഖ്യമന്ത്രിയുടെ ശാസന കേൾക്കേണ്ടി വന്നു. എന്തുകൊണ്ടാണിതു നൽകാത്തതെന്ന വിശദീകരണവും മുഖ്യമന്ത്രി തേടിയിരുന്നു.
ഇതിനു പിന്നാലെയാണ് സ്ഥിരപ്പെടുത്തേണ്ടവരുടെ വിവരങ്ങൾ അടങ്ങിയ ഫയലുകൾ മന്ത്രിസഭാ യോഗത്തിനു മുന്നിൽ വയ്ക്കാനായി ബന്ധപ്പെട്ട വകുപ്പുകളിലെ സെക്രട്ടറിമാർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കു രണ്ടാം ശനിയാഴ്ചയായ 13നും ഞായറാഴ്ചയായ 14 ഉം പ്രവൃത്തി ദിനമാക്കി ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ഉത്തരവിറക്കിയത്.
ചട്ടത്തിനു മുന്പേ ചാട്ടം
ഭരണാനുമതി ലഭിക്കേണ്ട റോഡ് അടക്കമുള്ള വികസന പദ്ധതികളുടെ ഭരണാനുമതി തേടി കൊണ്ടുള്ള ഫയലുകൾ അടക്കം 15ന് പ്രത്യേക മന്ത്രിസഭാ യോഗത്തിനുമുന്നിൽ വരും.
ഇലക്ഷൻ പ്രഖ്യാപനം വന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുമെന്നതിനാൽ പിന്നീട് ഒന്നും ചെയ്യാൻ സാധിക്കില്ല.
ഇതു മുന്നിൽ കണ്ടാണ് ധൃതി പിടിച്ചുള്ള നടപടികൾ. മാർച്ച് ആദ്യവാരം തെരഞ്ഞടുപ്പു പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്ന് ഇലക്ഷൻ കമ്മീഷൻ രാഷ്ട്രദീപികയോടു പറഞ്ഞു.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ഇന്നു സംസ്ഥാനത്ത് വരുന്നുണ്ട്. ഇതെല്ലാം മനസിലാക്കിയാണ് സംസ്ഥാന സർക്കാരിന്റെ നീക്കങ്ങൾ.