കണ്ണൂർ: മാണി സി. കാപ്പൻ വ്യക്തി മാത്രമാണെന്നും ഘടകകക്ഷികളായ പാർട്ടികൾക്കാണ് മുന്നണിയിൽ പ്രധാന്യമെന്നും എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിനെക്കുറിച്ചുള്ള ചോദ്യത്തോട് നേരത്തെ പ്രകടിപ്പിച്ച നിലപാടുകളിൽ അൽപം മയപ്പെടുത്തിയായിരുന്നു മറുപടി നൽകിയത്.
ലീഗിനെതിരെയുള്ള വിമർശനം പ്രശ്നാധിഷ്ഠിതമാണ്. രാവിലെ ഉറങ്ങിയെഴുന്നേറ്റയുടൻ ലീഗിനെ വെറുതെ കുറ്റം പറയുന്ന രീതിയില്ല. മുസ്ലിം ലീഗ് പലപ്പോഴും മതത്തെ രാഷ്ട്രീയ ലാഭത്തിനും കൊള്ള ലാഭത്തിനും വേണ്ടി ഉപയോഗിക്കുന്നതിനെയാണ് താൻ വിമർശിച്ചതെന്നായിരുന്നുമായിരുന്നു മറുപടി. വിദ്വേഷ പ്രചാരണയാത്രയാണ് രമേശ് ചെന്നിത്തല നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അപവാദ ഘോഷയാത്രയാണിത്. ദുഷ്പ്രചാരണങ്ങളുടെ ഈ യാത്രയെ പ്രതിലോമയാത്രയായാണ് ചരിത്രം രേഖപ്പെടുത്തുക. എന്നാൽ എൽഡിഎഫ് നടത്തുന്ന വികസനമുന്നേറ്റ ജാഥ സർക്കാരിന്റെ നന്മകൾ വിനിമയം ചെയ്യുന്നതിനൊപ്പം കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ-വർഗീയ നിലപാടുകൾ ചൂണ്ടിക്കാട്ടുകയും ചെയ്യും. വികസന മുന്നേറ്റ യാത്ര സ്നേഹ സാഹോദര്യങ്ങൾ വളർത്തുന്നതായിരിക്കും.
ജാഥയിലൂടെ എൽഡിഎഫിന്റെ ജനകീയ പിന്തുണ കൂടുതൽ വിപുലീകരിക്കപ്പെടും. തുടർഭരണത്തിന് കളമൊരുക്കുകയുംചെയ്യുമെന്നും വിജയരാഘവൻ പറഞ്ഞു.