പയ്യന്നൂര്‍: റേഷന്‍ വിതരണം സുതാര്യവും സുഗമവുമാക്കുന്നതിനായി സ്ഥാപിച്ച ഇപോസ് മെഷീനുകകളുടെ തകരാറ് പതിവാകുന്നു. ഇതോടെ റേഷന്വാങ്ങാനായി എത്തുന്നവര്‍ സാധനങ്ങൾ കിട്ടാതെ തിരിച്ചു പോകുന്ന അവസ്ഥയാണ് പലയിടത്തും. ഇപോസ് മെഷീനുകള്‍ തകരാറായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസം സംസ്ഥാനത്താകെ റേഷന്‍ വിതരണം തടസപ്പെട്ടു.
വിരലടയാളം തിരിച്ചറിയുന്നതിനുള്ള ആധാര്‍ സര്‍വറിലെ ബയോ മെട്രിക് സംവിധാനത്തിലുണ്ടായ തകരാറായിരുന്നു ഇതിന് കാരണം. കഴിഞ്ഞ മാസത്തില്‍ മൂന്നുദിവസങ്ങളില്‍ ഇതേപ്രശ്നം വില്ലനായി മാറിയിരുന്നു. റേഷന്‍ വിതരണത്തിനുള്ള ദിവസങ്ങള്‍ നീട്ടിനല്‍കിയാണ് ഇതിന് പരിഹാരമുണ്ടാക്കിയത്.
മാസാവസാന ദിവസങ്ങളിലും റേഷന്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് കൂടുന്ന അവസരങ്ങളിലുമാണ് ഇപോസ് മെഷീനുകള്‍ പണിമുടക്കുന്നത്. ഇത് പലപ്പോഴും ഉപഭോക്താക്കളും റേഷന്‍കട നടത്തിപ്പുകാരുമായുള്ള വാക്കേറ്റത്തിനും കാരണമാകുന്നുണ്ട്.
2018 എപ്രിലിലാണ് റേഷന്‍ വ്യാപാരികള്‍ക്ക് പരിശീലനം നല്കി ഇപോസ് മെഷീനുകള്‍ നിലവില്‍ വന്നത്. ഇതിന് ശേഷം കാര്‍ഡ് ഉടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗമോ റേഷന്‍ കടയിലെത്തി ബയോ മെട്രിക് സംവിധാനത്തില്‍ വിരല്‍ പതിപ്പിച്ചാണ് റേഷന്‍ വാങ്ങിയിരുന്നത്. ഓരോ ഉപഭോക്താക്കളും വാങ്ങിയിട്ടുള്ള സാധനങ്ങളുടെ വിവരങ്ങള്‍ കൃത്യമായി അറിയാന്‍ കഴിയും എന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയായിരുന്നു.
ആദ്യനാളുകളില്‍ ഈ സംവിധാനത്തിന് വില്ലനായി മാറിയിരുന്നത് ഇന്റര്‍നെറ്റ് സംവിധാനങ്ങളിലെ പാളിച്ചകളായിരുന്നുവെങ്കില് അടുത്ത ദിവസങ്ങളിലായി ആധാര്‍ സെര്‍വറിലെ പ്രശ്നങ്ങളാണ് തടസമാകുന്നത്.