കെ. മിഥുൻ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുമാസം ശേഷിക്കെ നേരിയ വോട്ടിന് നഷ്ടപ്പെട്ട മണ്ഡലങ്ങൾ തിരികെപ്പിടിക്കാനുള്ള ശ്രമം ഊർജിതമാക്കി മുന്നണികൾ. സ്ഥാനാർഥികളാകുമെന്നു കരുതുന്ന നേതാക്കൾ മണ്ഡലങ്ങളിൽ സജീവമായിട്ടുണ്ട്. 2016-ലെ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു മത്സരം നടന്ന 15 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
ഇതിൽത്തന്നെ 100 വോട്ടിന് താഴെ വിധി നിർണയിച്ച രണ്ടു മണ്ഡലങ്ങളും 1000 വോട്ടിനു താഴെ വിജയിച്ച നാലു മണ്ഡലങ്ങളുമുണ്ട്. വടക്കാഞ്ചേരി, മഞ്ചേശ്വരം, പീരുമേട്, കൊടുവള്ളി, പെരിന്തൽമണ്ണ, കാട്ടാക്കട എന്നീ മണ്ഡലങ്ങളിലാണ് കഴിഞ്ഞതവണ തീപാറും പോരാട്ടം നടന്നത്.
തൃശൂരിലെ വടക്കാഞ്ചേരിയിൽ വെറും 43 വോട്ടിനാണ് സിപിഎം പരാജയപ്പെട്ടത്. മേരി തോമസിനെ കോൺഗ്രസിലെ അനിൽ അക്കരയാണു പരാജയപ്പെടുത്തിയത്. അനിൽ അക്കരയ്ക്ക് 65,535 വോട്ട് ലഭിച്ചപ്പോൾ മേരി തോമസിന് 65,492 വോട്ട് ലഭിച്ചു. ബിജെപിയിലെ ടി.എസ്.
ഉല്ലാസ് ബാബു 26,652 വോട്ട് നേടി. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ എല്ലാ അടവുകളും പയറ്റുകയാണ് സിപിഎം. മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന എ. രാധാകൃഷ്ണനെ ഇക്കുറി കളത്തിലിറക്കാനാണ് സിപിഎം ആലോചിക്കുന്നത്.
മുൻ തൃശൂർ ജില്ലാ സെക്രട്ടറിയും ഇപ്പോൾ സംസ്ഥാന സമിതിയംഗവുമാണ് രാധാകൃഷ്ണൻ. മണ്ഡലത്തിൽ സുപരിചിതനുമാണ്. സിറ്റിംഗ് എംഎൽഎയായ അനിൽ അക്കരെയല്ലാതെ മറ്റൊരു പേര് മണ്ഡലത്തിൽ കോൺഗ്രസ് പരിഗണിക്കുന്നില്ല.
നൂറിൽ താഴെ വോട്ടിന് ബിജെപി 2016-ൽ പരാജയപ്പെട്ട മണ്ഡലമാണ് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം. മുസ്ലിം ലീഗിലെ പി.വി. അബ്ദുൾ റസാഖ് ബിജെപിയുടെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റായ കെ. സുരേന്ദ്രനെ 89 വോട്ടിനാണു തോൽപ്പിച്ചത്.
ത്രികോണ മത്സരം നടന്ന ഇവിടെ സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. അബ്ദുൾ റസാഖിന്റെ മരണത്തെ തുടർന്ന് 2019 ഒക്ടോബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതാവ് എം.സി. കമറുദ്ദീൻ ബിജെപിയുടെ രവീശ തന്ത്രി കുണ്ടാറിനെ 7923 വോട്ടിന് തോൽപ്പിച്ചു.
ലീഗ് ഇത്തവണ എ.കെ.എം. അഷ്റഫിനെ മത്സരിപ്പിക്കുമെന്നാണ് സൂചന. യൂത്ത് ലീഗ് നേതാവായ അഷ്റഫിന്റെ സ്ഥാനാർഥിത്വത്തിനുവേണ്ടി നേതൃത്വത്തെ വെല്ലുവിളിച്ച് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു.
ബിജെപി അവരുടെ എ ക്ലാസ് മണ്ഡലമായി കാണുന്ന മഞ്ചേശ്വരത്ത് ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയെ മത്സരത്തിനിറക്കിയേക്കും.
തുടർച്ചയായി മൂന്നുതവണ ഇടുക്കി ജില്ലയിലെ പീരുമേടിനെ പ്രതിനിധീകരിച്ച് എംഎൽഎയായ സിപിഐ വനിതാ നേതാവ് ഇ.എസ്. ബിജിമോൾ കോൺഗ്രസിലെ സിറിയക് തോമസിനെ പരാജയപ്പെടുത്തിയത് 314 വോട്ടിനായിരുന്നു. മൂന്നുതവണ മത്സരിച്ച ബിജിമോൾക്ക് സിപിഐ ഇത്തവണ സീറ്റ് നൽകിയേക്കില്ല.
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എരുമേലി ഡിവിഷനിൽനിന്ന് തകർപ്പൻ വിജയം നേടിയ ശുഭേഷ് സുധാകറിനെ സിപിഐ പീരുമേടിൽ പരിഗണിക്കും.
റസാഖുമാർ തമ്മിൽ മത്സരിച്ച കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിൽ സിപിഎം പിന്തുണ നൽകിയ കാരാട്ട് റസാഖ് മുസ്ലിം ലീഗിലെ എം.എം. റസാഖിനെ 573 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
സിപിഎം ഇത്തവണയും കാരാട്ട് റസാഖിനെ കൊടുവള്ളിയിൽ ഇറക്കിയേക്കും. മുൻ മന്ത്രിയും ലീഗ് നേതാവുമായ എം.കെ. മുനീർ കോഴിക്കോട് സൗത്തിൽനിന്നു മാറി കൊടുവള്ളിയിൽ മത്സരിക്കാൻ താത്പര്യപ്പെട്ടതായി സൂചനയുണ്ട്.
പെരിന്തൽമണ്ണയിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ മഞ്ഞളാംകുഴി അലി സിപിഎമ്മിലെ വി. ശശികുമാറിനെ തോൽപ്പിച്ചത് 579 വോട്ടിന് മാത്രമാണ്. പെരിന്തൽമണ്ണയിൽ കാര്യങ്ങൾ ഇത്തവണ അത്ര ശുഭകരമല്ലെന്നതിനാൽ മണ്ഡലം മാറുന്നതിനെക്കുറിച്ച് അലി ആലോചിക്കുന്നുണ്ട്.
കാട്ടാക്കടയിൽ കഴിഞ്ഞതവണത്തെ പോര് ഇക്കുറി ഒന്നുകൂടി മുറുകും. കഴിഞ്ഞതവണ സിപിഎം നേതാവ് ഐ.ബി. സതീഷ് 849 വോട്ടിനാണ് കോൺഗ്രസിലെ എൻ. ശക്തനെ തോൽപ്പിച്ചത്. ബിജെപി ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിൽ 38,700 വോട്ട് നേടിയിരുന്നു.
മൂന്നു മുന്നണികളും ഒരുപോലെ കണ്ണുവയ്ക്കുന്ന മണ്ഡലമാണ് കാട്ടാക്കട. കഴിഞ്ഞതവണ മത്സരിച്ച മൂന്നുപേരും ഇത്തവണയും സ്ഥാനാർഥികളാകും. മൂന്നുപേരും മണ്ഡലത്തിൽ സജീവമാണ്.
മങ്കട, കരുനാഗപ്പള്ളി, ചങ്ങനാശേരി, ഉടുമ്പൻചോല, കൊച്ചി, അഴീക്കോട്, കണ്ണൂർ, മാനന്തവാടി, കുറ്റ്യാടി, എന്നീ മണ്ഡലങ്ങളിലും കഴിഞ്ഞതവണ ശക്തമായ മത്സരമാണു നടന്നത്.